നാദാപുരം: നാദാപുരത്ത് നടന്ന മൊബൈല്‍ ഷോപ്പ് കവര്‍ച്ചയിലെ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘം നാദാപുരം ഡിവൈഎസ്പി മനോജ്,
സിഐ മുരളീധരന് എന്നിവര്‍ക്ക് നിവേദനം നല്കി. പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് നേതൃത്വത്തില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരമാണ് സര്‍വകക്ഷി പ്രതിനിധികള്‍ പോലീസുദ്യോഗസ്ഥരെ നേരില്‍ കണ്ടത്. കവര്‍ച്ചാ കേസിലെ പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ സര്‍വകക്ഷി സംഘം ആവശ്യപ്പെട്ടു. പ്രതികളെ ഉടന്‍ പിടികൂടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഡിവൈഎസ്പിയും സിഐയും സര്‍വകക്ഷി സംഘത്തിന് ഉറപ്പുനല്‍കി. ഇതിന്റെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനായി നവംബര്‍ 12-ന് നാദാപുരം ഗ്രാമപഞ്ചായത്തില്‍ സര്‍വകക്ഷി യോഗം ചേരാനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ.എം.കെ, വൈസ് പ്രസിഡന്റ് അഡ്വ. കെ.എം.രഘുനാഥ് വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റ് പ്രസിഡന്റ് എരത്ത് ഇഖ്ബാല്‍, യൂണിറ്റ് ജനറല്‍ സെക്രട്ടറി കണേക്കല്‍ അബ്ബാസ്, എന്‍.കെ.ജമാല്‍ ഹാജി, മോഹനന് പാറക്കടവ്, ചന്ദ്രന്.കെ.ടി.കെ, സുഗതന്, കെ.സൈദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.















