നാദാപുരം: ടൗണിലെ മൊബൈല്‍ഷോപ്പ് കവര്‍ച്ചയില്‍ അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം. 92 ഐഫോണുകളും 60,600 രൂപയും കവര്‍ന്ന കേസില്‍ ഒരു ഫോണ്‍
എറണാകുളത്തുനിന്ന് അന്വേഷണസംഘം കണ്ടെടുത്തു. ഐ ഫോണ്‍ 17 പ്രോ മോഡലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
കവര്‍ച്ച നടത്തിയ ഐ ഫോണുകളുടെ വിവരം അന്വേഷണ സംഘം ആപ്പിള്‍ കമ്പനിക്ക് കൈമാറിയിരുന്നു. അതിലൊരു ഫോണ്‍ ആക്ടീവായതിനെ തുടര്‍ന്ന് പോലീസ് ലൊക്കേഷന്‍ കണ്ടെത്തി. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് എറണാകുളത്ത് ഫോണുണ്ടെന്ന വിവരം ലഭിച്ചത്. പിന്നാലെ പോലീസ് സംഘം സ്ഥലത്തെത്തി ഫോണ്‍ കസ്റ്റഡിയിലെടുത്തു. ചെന്നൈയില്‍നിന്ന് 1,35,000 രൂപ നല്കി വാങ്ങിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഫോണ്‍ കൊച്ചിയിലെത്തിയ സാഹചര്യം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. രണ്ട് ഐ ഫോണുകള്‍കൂടി ആക്ടീവായിട്ടുണ്ടെന്ന വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു.
















