
വടകര: കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നാലാം പതിപ്പിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിച്ചു. 2027 ജനുവരി 1, 2, 3 തീയതികളില്‍ വടകര
ടൗണ്‍ഹാളില്‍ നടക്കുന്ന ഫെസ്റ്റിവല്‍, സാഹിത്യത്തിന്റെയും കലയുടെയും സംസ്കാരത്തിന്റെയും രാഷ്ട്രീയത്തിന്റെയും ജനാധിപത്യത്തിന്റെയും സമകാലിക സംവാദങ്ങള്‍ക്കായി ഒരുക്കുന്ന വിപുലമായ സാംസ്കാരിക വേദിയായിരിക്കും.
മൂന്നു ദിവസങ്ങളിലായി അമ്പതോളം സെഷനുകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങളെയും ജനജീവിതത്തെയും ആഴത്തില്‍ സ്പര്‍ശിക്കുന്ന സമകാലിക വിഷയങ്ങള്‍, പുസ്തകചര്‍ച്ചകള്‍, ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള സംവാദങ്ങള്‍, ആരോഗ്യബോധവല്‍ക്കരണ ക്ലാസുകള്‍, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും അതിജീവന മാര്‍ഗങ്ങളും തുടങ്ങി
വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ ചര്‍ച്ചയുടെ ഭാഗമാകും.
അറിവും ആശയവും അനുഭവവും പരസ്പരം കൈമാറുന്ന സംവാദവേദിയായി ഫെസ്റ്റിവലിനെ മാറ്റുന്നതിനൊപ്പം ഗസല്‍, നാടകം തുടങ്ങിയ കലാപരിപാടികളും ഒരുക്കുന്നുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സാഹിത്യകാരന്മാര്, രാഷ്ട്രീയ നേതാക്കള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ആരോഗ്യവിദഗ്ധര്‍, കാര്‍ഷിക രംഗത്തെ വിദഗ്ധര്‍ തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കും. മുഖ്യമന്ത്രി വി.ഡി. സതീശന്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, ഷാഫി പറമ്പില്‍ എംപി, കനിമൊഴി എംപി, കര്‍ണാടക, തെലങ്കാന സാഹിത്യ അക്കാദമികളുടെ പ്രതിനിധികള്‍, ജയറാം രമേശ്, മഹുവ മൊയ്ത്ര എംപി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യവും പ്രതീക്ഷിക്കുന്നു.
സാഹിത്യം കേവലം ആസ്വാദനത്തിനുള്ള ഉപാധിയല്ലെന്നും കാലത്തോടും സമൂഹത്തോടും
സംവദിക്കുന്ന സര്‍ഗാത്മക ഇടപെടലാണെന്നും അടിവരയിടുന്ന രീതിയില്‍, ജനാധിപത്യബോധവും സാമൂഹിക ഉത്തരവാദിത്വവും ഉയര്‍ത്തിപ്പിടിക്കുന്ന വേദിയായി നാലാം പതിപ്പിനെ മാറ്റുകയാണ് സംഘാടകരുടെ ലക്ഷ്യം.
ലോഗോ പ്രകാശനച്ചടങ്ങില്‍ സാഹിത്യ അക്കാദമി ചെയര്‍മാനും കടത്തനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഡയറക്ടറുമായ കല്പറ്റ നാരായണന്, ഫെസ്റ്റിവല്‍ ചെയര്മാന് അഡ്വ. ഐ. മൂസ, എളമ്പിലാട് നാരായണന്, വി.പി. സര്‍വോത്തമന്‍, തേറത്ത് കുഞ്ഞികൃഷ്ണന് നമ്പ്യാര്‍, രമേശ് നൊച്ചാട്ട്, രവീന്ദ്രന് എന്‍.കെ, ഹരീന്ദ്രന്‍ കരിമ്പനപ്പാലം എന്നിവര്‍ പങ്കെടുത്തു.
















