തിരുവനന്തപുരം: പതിനാറുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരുത്തിപ്പാറ എന്‍എസ്എസ് ഹൈസ്കൂള്‍ വിദ്യാര്‍ഥി അഭിരാം
കൊല്ലപ്പെട്ട സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഒരു പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അഭിരാമിനെ പ്രതികള്‍ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം ചാക്കില്‍ കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ചു. അഭിരാമിനെ ഇന്നലെ മുതല്‍ കാണാനില്ലായിരുന്നു. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് ഞായറാഴ്ച വൈകുന്നേരം അഭിരാം ശ്രീകാര്യത്തെ സ്വന്തം വീട്ടില്‍നിന്നു പുറത്തേക്ക് പോയത്. വൈകുന്നേരം ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അധികം വൈകാതെ തിരിച്ചെത്തും എന്നാണ് പറഞ്ഞത്. എന്നാല്‍ രാത്രിയായിട്ടും വീട്ടില്‍ എത്തിയില്ല. ഫോണ്‍ സ്വിച്ച് ഓഫ് ആവുക കൂടി ചെയ്തതോടെ വീട്ടുകാര്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍
പുറത്തുവന്നത്. സംഭവത്തില്‍ കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്. അഭിരാമിന്റെ കൂട്ടുകാരെ പൊലിസ് ഇന്നലെ തന്നെ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനും ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്. പിടിയിലായ പ്രതികളില്‍ ഒരാളുടെ പ്രായം 17 വയസാണെന്ന് പൊലിസ് വ്യക്തമാക്കി. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പൊലിസ് പരിശോധിച്ചുവരികയാണ്.















