കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍
അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്. വീഴ്ച ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ജയബാലകൃഷ്ണന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജയബാലകൃഷ്ണന്റെ വീട്ടില്‍ എത്തി കുടുംബാംഗങ്ങളെ കണ്ട ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ചെന്നിത്തല. ‘നിലവില്‍ കേസ് അന്വേഷണത്തില്‍ കുടുംബം സംതൃപ്തരാണ്. ബാക്കിയെല്ലാം കോടതിയുടെ മുന്നില്‍ നില്ക്കുന്ന നടപടികളാണ്. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് ശക്തമായ നടപടികള്‍ ഉണ്ടാവും. വീഴ്ച ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. കേസില്‍ കുട്ടിക്ക് ജാമ്യം നല്‍കിയതിനെതിരെ ജില്ലാ കോടതിയില്‍ പോയിട്ടുണ്ട്. അന്വേഷണം ശരിയായ ദിശയില്‍ തന്നെ മുന്നോട്ടുപോകും. ഇന്നലെ മുഖ്യമന്ത്രി ഇവിടെ വന്നിരുന്നു. ഇന്ന് ഞാന്‍ എത്തി. സര്‍ക്കാര്‍ പൂര്‍ണമായി ഈ
കുടുംബത്തോടൊപ്പമാണ്. പാവപ്പെട്ടവര്‍ക്ക് നീതി ഉറപ്പുവരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. അവിടെ പണക്കാരന് എന്നോ പാവപ്പെട്ടവന് എന്നോ വ്യത്യാസമില്ലാതെ എല്ലാവര്ക്കും നീതി ഉറപ്പുവരുത്തും. ഇവര്‍ പാവപ്പെട്ട കുടുംബമാണ്. മറ്റെയാള്‍ ജഡ്ജിയാണ്. ഇവര്‍ക്ക് സ്വാഭാവികമായി പ്രയാസമുണ്ടാകും. സംശയങ്ങള്‍ ഉണ്ടാവും. കുടുംബത്തിന് 100 ശതമാനവും നീതി ഉറപ്പുവരുത്താന്‍ നിലനില്ക്കും. നീതിയും നിയമവും എല്ലാവര്ക്കും ഒരേപോലെയാണ്. ജഡ്ജിയാണെങ്കിലും സാധാരണക്കാരന് ആണെങ്കിലും ഒരേപോലെയാണ്. അത് നിറവേറ്റാന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ മുന്നോട്ടുവരും’- രമേശ് ചെന്നിത്തല പറഞ്ഞു.
















