കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ കാർ
ഓടിച്ച 17കാരൻ്റെ പിതാവാണ് അഡീഷണൽ ജഡ്ജി. കേസിൽ ഇദ്ദേഹത്തെ രണ്ടാം പ്രതിയാക്കിയതോടെയാണ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിക്കപ്പെട്ടത്. പ്രതിസ്ഥാനത്തുള്ളവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടല്ലോ എന്നും പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നത് എന്നും അന്വേഷണ സംഘത്തോട് ഹൈക്കോടതി ചോദിച്ചു. പ്രതിസ്ഥാനത്തുള്ളയാൾ ജുഡീഷ്യൽ ഓഫീസറാണെന്നത് കൂടി പരിഗണിച്ചുകൊണ്ട് സംരക്ഷണം നൽകേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കേസിൽ അന്വേഷണത്തോട്
സഹകരിക്കാനും അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകാനും പ്രതിയായ ജഡ്ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്ന് വർഷം പരമാവധി ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഹർജിയിൽ വിശദമായി പിന്നീട് വാദം കേൾക്കാമെന്നും കോടതി വ്യക്തമാക്കി.
















