
കൊച്ചി: ചേരാനല്ലൂർ അപകടം സംബന്ധിച്ച അന്വേഷണത്തിൽ വീഴ്ച വരുത്തിയ നാല് പൊലിസുകാർക്ക് സസ്പെൻഷൻ. ചേരാനല്ലൂർ സിഐ കെ.എസ്.ശ്യാംകുമാർ, എസ്ഐ വിശ്വജിത്ത്,
ഗ്രേഡ് എസ്ഐ മനോജ്, സിപിഒ അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടി.
കേസ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന എഡിജിപി വിജയന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അപകടമുണ്ടാക്കിയ 17കാരന് സ്റ്റേഷൻ ജാമ്യം അനുവദിച്ചു, അപകടം നടന്ന ദിവസം ദൃക്സാക്ഷികൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതിയുടെ ചിത്രം നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിപ്പിച്ചു എന്നിവയാണ് ഇവർക്കെതിരായ ആരോപണങ്ങൾ.
സംഭവത്തിൽ പൊലിസിന് വീഴ്ച പറ്റിയതായി നിയമസഭയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സമ്മതിക്കുകയും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. എഡിജിപിയുടെ റിപ്പോർട്ട് ആഭ്യന്തരവകുപ്പിന് കൈമാറിയതിന് പിന്നാലെയാണ് നടപടി.
















