
കൊയിലാണ്ടി: പിഷാരികാവില് തൊഴാനെത്തിയ വയോധികയുടെ മാല കവര്ന്ന സ്ത്രീയെ പോലീസ് തിരിച്ചറിഞ്ഞു. ഇതര സംസ്ഥാനക്കാരിയായ ജ്യോതി(45) യാണ്
സ്വര്ണമാല മോഷ്ടിച്ചതെന്ന് കൊയിലാണ്ടി പോലീസ് കണ്ടെത്തി. ഇവര് തന്നെയാണ് മാഹി പള്ളിയിലും മാല കവര്ന്നതെന്ന് വ്യക്തമായി.
ഒക്ടോബര് 10 നായിരുന്നു പിഷാരികാവിലെ സംഭവം. പാലക്കുളം സ്വദേശിനി പരക്കണ്ടിയില് ഭാമിനിയുടെ നാലരപവന് മാലയാണ് നഷ്ടപ്പെട്ടത്. രാവിലെ ശ്രീകോവിലിനുള്ളില് തൊഴാന് നില്ക്കുമ്പോള് പിന്നില് തിരക്ക് അനുഭവപ്പെടുകയും തുടര്ന്ന് കഴുത്തില് നോക്കുമ്പോള് മാല കാണാതാവുകയുമായിരുന്നു. പരാതി
നല്കിയതിനു പിന്നാലെ കൊയിലാണ്ടി പോലീസ് നിരവധി സിസിടിവികള് പരിശോധിച്ചതിനെ തുടര്ന്ന് മാല മോഷ്ടിക്കുന്ന ദൃശ്യങ്ങള് ലഭിച്ചിരുന്നു. തുടര്ന്ന് ഇവരെക്കുറിച്ച് നടത്തിയ അന്വേഷണത്തില് ഇതേ ദിവസം മാഹി പള്ളിയിലും ജ്യോതി മോഷണം നടത്തിയതായി കണ്ടെത്തി. മാഹിയില് നടത്തിയ മോഷണത്തില് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില് യുവതിയെ ബാംഗ്ലൂരില് നിന്നു മാഹി പോലീസ് പിടികൂടിയിരുന്നു. സിസിടിവി ദൃശ്യം ഇവരുടെ ഫോട്ടോയുമായി താരതമ്യം ചെയ്ത് നോക്കിയാണ് പിഷാരികാവിലും മോഷണം നടത്തിയത് ജ്യോതി തന്നെയാണെന്ന്
ഉറപ്പാക്കിയത്. ഇവര് ഒരേ സമയം തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഭാഷകള് സംസാരിക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. തെലുങ്കാന, ബാംഗ്ലൂര് തുടങ്ങിയ സ്ഥലങ്ങളില് വേവ്വേറെ പേരില് അഡ്രസുണ്ട്. മോഷണത്തിന് പിന്നില് വിദഗ്ധ പരിശീലനം ലഭിച്ചവരുണ്ടെന്നും ചിലയിടങ്ങളില് ഇവര്ക്കെതിരെ കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ടെന്നും കൊയിലാണ്ടി പോലീസ് എസ്എച്ച്ഒ കിരണ് പറഞ്ഞു. പ്രതിയെ മാഹി പോലീസിന്റെ കസ്റ്റഡിയില് നിന്നു വിട്ടുകിട്ടാനുള്ള നടപടികള് പുരോഗമിക്കുകയാണ്. എസ്ഐമാരായ സുജന്ത്, രമേശ്, സിപിഒ ഹരീഷ്, ഡ്രൈവര് ഷിജു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
-സുധീര് കൊരയങ്ങാട്
















