
വടകര: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബര് 5, 6, 7 തീയതികളില് വടകരയില് നടക്കും. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില് വടകര നഗരത്തിലെ
ആറ് സ്കൂളുകളിലായാണ് മേള സംഘടിപ്പിക്കുന്നത്. എംയുഎമ്മില് സയന്സ് ഫെയര്, ജെഎന്എമ്മില് മാത്സ് ഫെയര്, ശ്രീനാരായണയില് സോഷ്യല് സയന്സ് ഫെയര്, സെന്റ് ആന്റണീസില് പ്രവൃത്തിപരിചയ മേള, ബിഇഎമ്മില് ഐടി ഫെയര്, ടൗണ് ഹാളില് വൊക്കേഷണല് എക്സ്പോ, സ്കില് ഫെസ്റ്റ് എന്നിങ്ങനെയാണ് വേദികള് ക്രമീകരിച്ചിരിക്കുന്നത്.
കോഴിക്കോട്, വടകര, കൊയിലാണ്ടി, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളില് നിന്നായി ഉപജില്ലാ തലത്തില് വിജയികളായ രണ്ടായിരത്തിലധികം വിദ്യാര്ഥികളാണ് ജില്ലാ മേളയില് മാറ്റുരയ്ക്കുക.
പാഠപുസ്തകത്തിലെ അറിവുകള്ക്കപ്പുറം വിദ്യാര്ഥികളെ ജീവിതത്തിനും തൊഴില് ലോകത്തിനും പ്രാപ്തരാക്കുക എന്നതാണ് ശാസ്ത്രോത്സവം കൊണ്ട് ലക്ഷ്യമിടുന്നത്.
സ്വന്തമായി പരീക്ഷണങ്ങള് ചെയ്തും മോഡലുകള് നിര്മിച്ചും പഠിക്കുമ്പോള് വിദ്യാര്ഥികളില് ശാസ്ത്രത്തോടുള്ള താല്പര്യവും അന്വേഷണ മനോഭാവവും വര്ധിക്കുന്നു.
പ്രവൃത്തിപരിചയ മേളയിലൂടെ അമ്പതിലധികം തൊഴില് മേഖലകളില് നേരിട്ട് പരിശീലനം ലഭിക്കുന്നത് കുട്ടികളെ സ്വയം തൊഴില് കണ്ടെത്താന് പ്രാപ്തരാക്കും. ഐടി ഫെയറിലൂടെ പ്രോഗ്രാമിംഗ്, ആനിമേഷന്, വെബ് ഡിസൈനിംഗ് പോലുള്ള പുതുതലമുറ സാങ്കേതികവിദ്യകളില് കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള അവസരവും ലഭിക്കുന്നു. ജില്ലാ തലത്തില് വിജയികളാകുന്നവര്ക്ക് സംസ്ഥാന ശാസ്ത്രോത്സവത്തിലും പിന്നീട് ദേശീയ തലത്തിലും മത്സരിക്കാന് അവസരം ലഭിക്കും. മേളയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതിയുടെ പ്രവര്ത്തനം സജീവമാണ്.
















