തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് കേസില് പ്രതിപക്ഷ നേതാവ്
പിണറായി വിജയനെതിരെയുള്ള ഇഡി നടപടികള്ക്കെതിരെ രൂക്ഷമായ വിമര്ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്. എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ബി ജെ പിയും ചേര്ന്ന് നടത്തുന്നത് വെറും രാഷ്ട്രീയ നാടകമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിസ്ഥാനം ഇല്ലാത്ത കള്ളക്കേസാണിത്, ഇ ഡി യുടെ നോട്ടീസ് പതിക്കല് രാഷ്ട്രീയ നാടകമാണെന്നും ഡല്ഹി സമരത്തെ വഴി തിരിച്ചുവിടാനുള്ള നീക്കമാണിതെന്നും എം വി ഗോവിന്ദന് കുറ്റപ്പെടുത്തി. മാതൃകാപരമായി ജീവിക്കുന്നവരെ വേട്ടയാടാനാണ് കേന്ദ്ര ഏജന്സികള് ശ്രമിക്കുന്നത്. പാര്ട്ടിക്കെതിരെയുള്ള ഇത്തരം
നടപടികളെ നിയമപരമായും രാഷ്ട്രീയമായും നേരിടും. പിണറായി വിജയന് എന്നാല് പാര്ട്ടിയാണെന്നും പാര്ട്ടിയെ തകര്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേസുകള് ഉണ്ടാക്കുന്നതെന്നും എം വി ഗോവിന്ദന് പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ മുഴുവന് തകര്ക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഒരുതരത്തിലുള്ള മാന്യതയും ഉണ്ടാകരുത് എന്ന ക്രിമിനല് നിലപാടാണ് ഇ ഡിയുടേത്. വീട്ടില് ആളില്ലാത്ത സമയത്ത് വന്ന് നോട്ടീസ് ഒട്ടിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
















