വടകര: ബിരുദ വിദ്യാര്ഥിനിയെ വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച കേസില് പ്രതിക്ക് എട്ട് വര്ഷം കഠിന തടവും എഴുപതിനായിരം രൂപ പിഴയും ശിക്ഷ. കക്കട്ടില് മൊകേരി
മുറുവശ്ശേരി എച്ചി തറേമ്മല് റഫ്നാസിനെയാണ് (26) വടകര അസിസ്റ്റന്റ് സെഷന്സ് കോടതി ജഡ്ജ് ജോജി തോമസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില് മൂന്നു മാസം കൂടി കഠിന തടവ് അനുഭവിക്കണം. പിഴ തുകയില് നിന്ന് അന്പതിനായിരം രൂപ അന്യായക്കാരിക്ക് നല്കാനും കോടതി ഉത്തരവിട്ടു. ഐപിസി 326 വകുപ്പ് പ്രകാരം മൂന്നു വര്ഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ഐപിസി 307 വകുപ്പ് പ്രകാരം അഞ്ചു വര്ഷം കഠിന തടവും അന്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല് മതി എന്നതിനാല്
അഞ്ചു വര്ഷം മാത്രമേ കഠിന തടവ് അനുഭവിക്കേണ്ടതുളളൂ.
2022 ജൂണ് 9 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജില് നിന്നു വീട്ടിലേക്ക് പോകുകയായിരുന്ന 18കാരിയെ നാദാപുരം പേരോട് മരമില്ലിന് സമീപം വെച്ച് പ്രതി കയ്യില് കരുതിയ കൊടുവാള് ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന് ശ്രമിച്ച കേസിലാണ് ശിക്ഷ. 2022 സെപ്റ്റംബറില് കുറ്റപത്രം സമര്പ്പിച്ച കേസില് 78 സാക്ഷികളെ വിസ്തരിച്ചു. അന്നത്തെ നാദാപുരം ഇന്സ്പെക്ടര് ഫായിസ് അലിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് കെ.കെ.ഷീജ ഹാജരായി.
















