
ന്യൂഡല്‍ഹി: ജെഡിയു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രാജ്യസഭയിലേക്കെന്ന് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് വ്യാഴാഴ്ച പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മുഖ്യമന്ത്രി സ്ഥാനം ബിജെപി
ഏറ്റെടുക്കും. നിതിഷ് കുമാറിന്റെ മകന് നിഷാന്തിനെ ഉപമുഖ്യമന്ത്രിയാക്കാനും ധാരണയായെന്നാണ് വിവരം. എന്‍ഡിഎ മുന്നണി വീണ്ടും അധികാരത്തിലേറി മാസങ്ങള്‍ പിന്നിടുമ്പോഴാണ് നിര്‍ണായക മാറ്റം. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാന രാഷ്ട്രീയം വിട്ടേക്കും. മുമ്പ് കേന്ദ്ര കൃഷി മന്ത്രിയായും റെയില്‍വേ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മാര്‍ച്ച് അഞ്ചിന് രാജ്യസഭയിലേക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന നിതീഷ്കുമാറിന് കേന്ദ്രമന്ത്രിസഭയില്‍ നിര്‍ണായക
പദവി നല്‍കാനാണ് ബിജെപി നീക്കം. പത്രിക സമര്‍പ്പണത്തിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി.
2015 മുതല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന നിതീഷ് കുമാര്‍ ബിഹാറില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. 2025 ലെ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി സ്ഥാനം ലഭിച്ചെങ്കിലും നിതീഷ് കുമാറിന് നിര്‍ണായക വകുപ്പുകള്‍ ബിജെപിക്ക് വിട്ടുനല്‍കേണ്ടി വന്നിരുന്നു. രണ്ട് പതിറ്റാണ്ടായി അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ആഭ്യന്തര
വകുപ്പ് ബിജെപിക്ക് കൈമാറേണ്ടി വന്നു. ആഭ്യന്തര വകുപ്പിന്റെ ചുമതല നിതീഷ് കുമാര്‍ വിട്ടുകൊടുത്തതിലൂടെ ബിജെപിക്കാകും ഇനി ബിഹാറില്‍ കൂടുതല്‍ മേല്‍ക്കൈ എന്ന് വ്യക്തമായിരുന്നു.
രാജ്യസഭയിലേക്കുള്ള ഒഴിവുകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. നിതീഷിന്റെ രാജ്യസഭാ പ്രവേശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം നാളെ ഉണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ജെഡിയുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇതുവരെ വാര്‍ത്തകളില്‍ പ്രതികരിച്ചിട്ടില്ല.
















