
കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനു സമീപം ട്രെയിന്‍ തട്ടി മരിച്ചവരെ
തിരിച്ചറിഞ്ഞു.
തിരുവങ്ങൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി കാപ്പാട് വികാസ് നഗര്‍ പാണംകുളം കുനി അവനിക (14), തിരുവങ്ങൂര്‍ കോഴിപ്പറമ്പത്ത് പാര്‍ഥിബ് (17) എന്നിവരാണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു.
ഞായറാഴ്ച വൈകിട്ട് 5.45 മണിയോടെയാണ് സംഭവം. ചേമഞ്ചേരി സ്റ്റേഷന്റെ തെക്ക് ഭാഗത്ത് മംഗലാപുരം-ചെന്നൈ മെയില്‍ തട്ടിയാണ് മരണം. രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിലായിരുന്നു. അതുകൊണ്ടുതന്നെ മരിച്ചവരെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. രാത്രി ഏറെ വൈകി ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ എത്തിയാണ്
മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതെന്ന പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ ആംബുലന്‍സില്‍ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ മോര്‍ച്ചറി സൗകര്യം ഇല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
ദേശീയപാതയും റെയില്‍വേ ട്രാക്കും അടുത്തടുത്തു വരുന്ന ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കാപ്പാട് പാണംകുളം കുനി സുരേഷ്-റീന ദമ്പതികളുടെ മകളാണ് അവനിക. പാര്‍ഥിബ് തിരുവങ്ങൂര്‍ കോയി പറമ്പത്ത് സുബീഷിന്റെയും സുനിഷയുടയും മകനാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തിങ്കളാഴ്ച നടക്കും.
-സുധീര്‍ കൊരയങ്ങാട്
















