ആയഞ്ചേരി: ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സിഎന്‍ജി ക്ലീനിങ് സെന്റര്‍ ഉടന്‍ മാറ്റണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന
അനിശ്ചിതകാല സത്യാഗ്രഹ സമരം ഒരാഴ്ച പിന്നിട്ടു. സമരത്തിന് പിന്തുണയുമായി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. എട്ടാം വാര്‍ഡ് മെമ്പര്‍ കിളിയമ്മല്‍ കുഞ്ഞബ്ദുള്ള സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമര ഭടന്മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചു. നമ്മുടെ നാട്ടില്‍ ഇത്തരമൊരു സമരം ഇതുവരെ കണ്ടിട്ടില്ലെന്നും ഇതിന് കാരണക്കാരായ കമ്പനി അധികൃതര്‍ എത്രയും വേഗം സ്ഥാപനം ഇവിടെനിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരക്കാരുടെ ആവശ്യങ്ങള്‍ കമ്പനി ഗൗരവമായി കാണണം. ഉടന്‍
പരിഹാരമുണ്ടായില്ലെങ്കില്‍ സമരത്തിന്റെ രൂപവും ഭാവവും മാറുമെന്ന് കമ്പനി ഓര്‍ക്കുന്നത് നല്ലതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷഫീഖ് തറോപ്പൊയില്‍, ചെയര്‍മാന്‍ അബ്ദുല്ലത്തീഫ് കിനാലിയോട്ട് എന്നിവരും സമരപ്പന്തലില്‍ സംസാരിച്ചു. ജനവാസ മേഖലയില്‍ നിന്ന് സിഎന്‍ജി ക്ലീനിങ് സെന്റര്‍ മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി. ആവശ്യങ്ങള്‍ അംഗീകരിച്ച് സ്ഥാപനം മാറ്റുന്നതുവരെ സത്യാഗ്രഹ സമരം തുടരുമെന്ന് ആക്ഷന്‍ കമ്മിറ്റി വ്യക്തമാക്കി.















