
കോഴിക്കോട്: ഒക്‌ടോബര്‍ 25 മുതല്‍ 31 വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി വെല്‍ഫെയര്‍ കമ്മിറ്റി യോഗം ചേര്‍ന്നു. എന്‍ഐടി ഗ്രൗണ്ടിന് സമീപമുള്ള സംഘാടക സമിതി ഓഫീസില്‍ ചേര്‍ന്ന യോഗം
വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്തു. മേളയില്‍ പങ്കെടുക്കുന്ന പതിനായിരത്തോളം മത്സരാര്‍ഥികള്‍ക്കും ഒഫീഷ്യലുകള്‍ക്കും കാണികള്‍ക്കും സുരക്ഷിതവും സുലഭവുമായ കുടിവെള്ളം ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ യോഗത്തില്‍ തീരുമാനമായി. കോഴിക്കോട് എന്‍ഐടി ഗ്രൗണ്ട് പ്രധാന വേദിയായും പരിസര പ്രദേശങ്ങളിലെ വിവിധ മൈതാനങ്ങള്‍ മറ്റു വേദികളായുമാണ് ഇത്തവണത്തെ കായികമേള സംഘടിപ്പിക്കുന്നത്. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും കുടിവെള്ള വിതരണം നടത്തുക. ഇതിനായി മണ്‍കൂജകളും തണ്ണീര്‍
കൂജകളും സജ്ജീകരിക്കുമെന്നും ഇതിനാവശ്യമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയായതായും യോഗം വിലയിരുത്തി. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ.അനീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കണ്‍വീനര്‍ കെ.എം.എ.നാസര്‍, ജോയിന്റ് കണ്‍വീനര്‍മാരായ മുഹമ്മദ് അസ്ലം, എബി ദേവസ്യ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സലിം കുന്നത്ത്, വൈസ് ചെയര്‍മാന്മാരായ ടി.എം.ജോസഫ്, റോയ് മുരിക്കോലി, വി.പി.പുഷ്പവേണി, അജിത ആണിയം വീട്ടില്‍, ഫൗസിയ, മുഹമ്മദ് അന്‍ഷിദ, സുബൈദ പുതിയാടം, രാജേന്ദ്രന്‍, ഡോ. ജോസ് ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.















