
ഒഞ്ചിയം: 2026-27 വര്‍ഷത്തേക്കുള്ള ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ബജറ്റ് പ്രസിഡന്റ് ഷജിന കൊടക്കാടിന്റെ അധ്യക്ഷതയില്‍ ധനകാര്യ സ്റ്റാന്‍ഡിങ്
കമ്മിറ്റി ചെയര്‍മാനും വൈസ് പ്രസിഡന്റുമായ ജൗഹര്‍ വെള്ളികുളങ്ങര അവതരിപ്പിച്ചു. 40,74,47,439 വരവും 35,44,01,240 ചെലവും 5,30,46,199 മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ആസ്തി വികസനം ലക്ഷ്യം വെച്ച് വിവിധ പദ്ധതികള്‍ക്കായി സ്ഥലം വാങ്ങാനും ദാരിദ്ര്യ നിര്‍മാര്‍ജന മേഖലയില്‍ പാവപ്പെട്ടവന്റെ പാര്‍പ്പിട പ്രശ്നത്തിന് പൂര്‍ണ പരിഹാരം തേടാനുമുള്ളതാണ് ബജറ്റ്. മത്സ്യത്തൊഴിലാളികള്‍, കര്‍ഷകര്‍, തൊഴിലാളികള്‍, സ്ത്രീകള്‍, കുട്ടികള്‍, ഭിന്നശേഷി വിഭാഗം, വയോജനങ്ങള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സാമൂഹ്യനീതിയില്‍ അധിഷ്ഠിതമായി മുഴുവന്‍ ജനവിഭാഗങ്ങളെയും ബജറ്റ് പരിഗണിക്കുന്നു. ‘ഒരുമിച്ച് തുഴയാം ക്ഷേമ തീരത്തേക്ക്’ എന്നത് തീരദേശ ജനതയോടുള്ള കരുതലാണ്. വയോജനങ്ങള്‍ക്കുള്ള ശുഭസായാന്തനവും കുട്ടികളുടെ നാടിനെ അറിയുന്ന
കുട്ടിക്കാലവും ബജറ്റിലെ പദ്ധതികളാണ്. യുവജന പങ്കാളിത്തത്തോടുകൂടി മദ്യ മയക്കു മരുന്ന് വിരുദ്ധ പോരാട്ടത്തിന് ബജറ്റ് ഊന്നല്‍ നല്കുന്നു. യുവജനങ്ങള്‍ക്കായുള്ള കലാകായിക നൈപുണ്യത്തെ പ്രോത്സാഹിപ്പിക്കാനും ബജറ്റ് ലക്ഷ്യം വെക്കുന്നു. ദരിദ്ര ജനവിഭാഗങ്ങളുടെ പാര്പ്പിടസ്വപ്നങ്ങള്ക്ക് നിറം പകരാനുള്ള പദ്ധതികളും ബജറ്റിലുണ്ട്.
ചര്‍ച്ചയില്‍ പങ്കെടുത്ത് പി.ശ്രീജിത്ത്, സതി, അനിത പിലാക്കണ്ടി, ആര്.കെ.സുജീവന്‍, റഹീസാ നൗഷാദ്, പ്രവീഷ്.കെ.സി, വി.പി.ഗോപാലകൃഷ്ണന്, നിരോഷാ ധനേഷ്, ജയരാജന് തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷനില്‍ സ്വാഗതം പറഞ്ഞു.
















