
ഇടുക്കി: ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ
വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി. മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ഇയാൾ ശ്രമിച്ചെന്നാണ് പൊലീസ് പറയുന്നത്.
ബുധനാഴ്ച രാവിലെയാണ് സംഭവം. മകൻ ലഹരിക്ക് അടിമയായി സ്ഥിരം വീട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നതായി അയൽക്കാർ പറയുന്നു. മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണി മുഴക്കുന്നതിനാൽ ഭയന്ന മാതാപിതാക്കൾ വീട്ടിൽനിന്നു മാറി ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നു.
ഇന്ന് അമ്മ വസ്ത്രങ്ങളോ മറ്റോ എടുക്കാൻ വീട്ടിലേക്കു വന്നതോടെ വീണ്ടും ബഹളം
തുടങ്ങി. ഇതോടെ അമ്മ ബന്ധുവീട്ടിലേക്കു പോയി. ഇതേസമയം, വീട്ടിലേക്ക് എത്തിയ പിതാവുമായി ബഹളമായി. ഇതൊടുവിൽ കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നു പറയുന്നു.
വീടിനോടു ചേർന്ന ചായ്പ്പില് സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ചാണ് ജസ്റ്റിന്റെ തലയ്ക്ക് അടിയേറ്റത്. അടിയേറ്റ ഉടൻതന്നെ മരണം സംഭവിച്ചു. ഇതിനു ശേഷമാണ് പിതാവിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ പോലീസ് തുടർനടപടി സ്വകരിച്ചുവരികയാണ്.
















