
വട്ടോളി: നാളികേരത്തിന്റെ പ്രാധാന്യവും വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വട്ടോളി സംസ്കൃതം
ഹൈസ്കൂളില്‍ ലോക നാളികേര ദിനം ആചരിച്ചു. നാളീകേരം ഉപയോഗിച്ച് തയ്യാറാക്കിയ വിവിധ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. വിദ്യാര്‍ഥികള്‍ വീടുകളില്‍ തയ്യാറാക്കിയ വ്യത്യസ്തമായ നാളികേര വിഭവങ്ങള്‍ പ്രദര്‍ശനത്തില്‍ ഒരുക്കി.
തേങ്ങാപ്പാല്‍, തേങ്ങാച്ചമ്മന്തി, വിവിധ പലഹാരങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങി നിരവധി വിഭവങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടംപിടിച്ചു. ഓരോ
വിഭവത്തിന്റെയും പേരും പ്രത്യേകതകളും രേഖപ്പെടുത്തി പ്രദര്‍ശിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ സജീവ പങ്കാളിത്തം പരിപാടിക്ക് കൂടുതല്‍ മികവ് നല്കി.
നാളികേരത്തിന്റെ പോഷകമൂല്യം, ഭക്ഷ്യയോഗ്യത, മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് മനസ്സിലാക്കാനും നമ്മുടെ നാടിന്റെ പ്രധാന കാര്‍ഷികവിളയായ നാളികേരത്തോടുള്ള താല്പര്യം വര്‍ധിപ്പിക്കാനും പരിപാടി
സഹായകമായി. ചോലാ ക്ലബ്ബിന്റെ (പരിസ്ഥിതി ക്ലബ് & സീഡ് ക്ലബ്) നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും പ്രാദേശിക വിഭവങ്ങളുടെ പ്രയോജനപ്പെടുത്തലും പ്രോത്സാഹിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച പ്രദര്‍ശനം ഏറെ വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായി. ഹെഡ്മിസ്ട്രസ് വി. പി. ശ്രീജ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ലീല, രാജീവന്, ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
















