
വടകര: മാടാക്കര മഹല്ലിലുണ്ടായ പ്രശ്‌നങ്ങളില്‍ യഥാര്‍ഥത്തില്‍ ഉത്തരവാദികളായവര്‍ തങ്ങളുടെ തെറ്റുകള്‍ മറച്ചുവെക്കാന്‍ എസ്ഡിപിഐയുടെ തലയില്‍ കെട്ടിവെക്കുകയാണെന്ന്
വടകര നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മഹല്ലിന്റെ ഐക്യവും സമാധാനവും തകര്‍ത്തത് ആരാണെന്ന് പ്രദേശവാസികള്‍ക്ക് നന്നായി അറിയാമെന്നും ഓഗസ്റ്റ് 24-ന് മാടാക്കര മസ്ജിദിലുണ്ടായ വിഷയം നാടിന് തന്നെ നാണക്കേടുണ്ടാക്കിയ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
മഹല്ല് വിഷയം സമാധാനപരമായി പരിഹരിക്കുന്നതിന് പകരം രാഷ്ട്രീയ ലാഭത്തിനും വൈകാരിക മാനങ്ങള്‍ നല്‍കുന്നതിനുമായി ചിലര്‍ ഇടപെട്ടതിന്റെ ദുരന്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. മഹല്ലിലെ ഭരണപക്ഷത്തും എതിര്‍പക്ഷത്തുമുള്ളത് മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നും, പള്ളിക്കകത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനും കേസില്‍ ഉള്‍പ്പെട്ടതിനും
പിന്നില്‍ ലീഗ് നേതൃത്വത്തിന്റെ തെറ്റായ നിലപാടുകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വിഭാഗത്തിന്റെ കൂടെ നിന്ന് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിയത് ലീഗ് എംഎല്‍എ പാറക്കല് അബ്ദുള്ളയാണെന്നും എസ്ഡിപിഐ കുറ്റപ്പെടുത്തി.
പ്രശ്‌നം സൃഷ്ടിച്ചവര്‍ തന്നെ എസ്ഡിപിഐയെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുകയാണ്. മതസ്ഥാപനങ്ങളെയും മഹല്ലുകളെയും സ്വന്തം രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്ന പ്രവണതയില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും മാടാക്കര മഹല്ലിലെ സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും എസ്ഡിപിഐ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് നവാസ് സി.കെ, പഞ്ചായത്ത് സെക്രട്ടറി റയീസ് പി.കെ തുടങ്ങിയവര്‍ പങ്കെടുത്തു.
















