വടകര: മണിയൂര്‍ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതി സംഘടിപ്പിക്കുന്ന കുട്ടികളുടെ സാഹിത്യോത്സവം അഞ്ചാം തിയ്യതി ശനിയാഴ്ച നടക്കും. ജവഹര്‍ നവോദയ
വിദ്യാലയത്തിലാണ് പരിപാടിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ദിന്‍ഷ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാഠപുസ്തകങ്ങളിലെ എഴുത്തുകാരുമായി കുട്ടികള്‍ നേരിട്ട് സംവദിക്കുന്ന വേദി കേരളത്തിലാദ്യമായാണ് ഒരു പഞ്ചായത്ത് തലത്തില്‍ ഒരുക്കുന്നതെന്ന് ഇവര്‍ പറഞ്ഞു. മണിയൂര്‍ പഞ്ചായത്തിലെ 26 പ്രൈമറി വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ സര്‍ഗശേഷിയും സംവാദ മനോഭാവവും വളര്‍ത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ശനിയാഴ്ച രാവിലെ 10ന് കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ള ഉദ്ഘാടനം നിര്‍വഹിക്കും. കളക്ടര്‍ മാധവിക്കുട്ടി മുഖ്യാതിഥിയാകും. പ്രമുഖ സാഹിത്യകാരന്‍ അര്‍ഷാദ് ബത്തേരി മുഖ്യപ്രഭാഷണം നടത്തും. സാഹിത്യകാരന്മാരായ പി.പി.രാമചന്ദ്രന്‍, രമേശ് കാവില്‍, അര്‍ഷാദ് ബത്തേരി, സത്യചന്ദ്രന്‍ പൊയില്‍ക്കാവ്, രാമചന്ദ്രന്‍ കുമരനെല്ലൂര്‍, വീരാന്‍കുട്ടി, പ്രേമജ ഹരീന്ദ്രന്‍, അജിതകുമാരി.കെ.കെ, മൈന ഉമൈബാന്‍ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ കുട്ടികളുമായി സംവദിക്കും. ‘വരയും വര്‍ണവും’ എന്ന പേരില്‍ നവ്യശ്രീയുടെ ചിത്രപ്രദര്‍ശനം, റിയ രമേശിന്റെ നൃത്താവിഷ്‌കാരം എന്നിവയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ശേഷം 2.30ന് മണിയൂരിലെ എഴുത്തുകാരുടെ സംഗമവും പുസ്തക പ്രദര്‍ശനവും വൈകുന്നേരം ആറിന് പൂക്കാട് കലാലയം അവതരിപ്പിക്കുന്ന ‘ടോട്ടോച്ചാന്‍’ നാടകവും അരങ്ങേറും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.നഫീസ, ബിജിത്ത്‌ലാല്‍ തെക്കേടത്ത്, വിനീഷ് പിലാത്തോട്ടത്തില്‍, അബ്ദുള്‍സലാം എന്നിവര്‍ പങ്കെടുത്തു.















