വടകര: കണ്ണൂക്കര മാടാക്കര പള്ളിയിലെ സംഘര്‍ഷത്തില്‍ മഹല്ല് കമ്മിറ്റിയെ സസ്പെന്‍ഡ് ചെയ്ത് വഖഫ് ബോര്‍ഡ്. ഈ മാസം എട്ടിന് മഹല്ല് ഭാരവാഹികളും എതിര്‍കക്ഷികളും നേരിട്ട്
ഹാജരാകണമെന്നും അതുവരെ പള്ളി പരിപാലനത്തിന് മുതവല്ലിയെ ചുമതലപ്പെടുത്തിയെന്നും വഖഫ് ബോര്‍ഡ് അറിയിച്ചു.
തലശ്ശേരി കോടതിയിലെ അഭിഭാഷകന്‍ അബൂബക്കര്‍ സിദ്ദീഖിനാണ് ചുമതല. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് മാറിയതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏറെ നാളായി തര്‍ക്കം നിലനിന്നിരുന്നു. ഇതാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘര്‍ഷത്തില്‍ കലാശിച്ചത്. പിന്നീട് പൊലീസ് സ്ഥലത്തെത്തി ലാത്തിവീശിയാണ് സംഘര്‍ഷാവസ്ഥ
നിയന്ത്രിച്ചത്.
അബ്ദുറഹ്‌മാന്‍ ഫൈസി പൊന്മളയാണ് പള്ളിയിലെ ഖത്തീബ്. ഇദ്ദേഹത്തെ മാറ്റണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് കുടുംബം വിഷയത്തില്‍ ഇടപെടുകയും കഴിഞ്ഞ റംസാനിലെ ജുമുഅയ്ക്ക് മാത്രം ഇദ്ദേഹത്തിന് അനുമതി നല്‍കിക്കൊണ്ട് ഒരു താല്‍ക്കാലിക പരിഹാരം കാണുകയും ചെയ്തിരുന്നു. എന്നാല്‍, അതിനുശേഷവും അബ്ദുറഹ്‌മാന്‍ ഫൈസി തന്നെ ഖത്തീബായി തുടര്‍ന്നതാണ് തര്‍ക്കത്തില്‍ കലാശിച്ചത്. നബിദിനത്തോടനുബന്ധിച്ച് പള്ളിയില്‍ മൗലിദ് പാരായണം നടന്നിരുന്നു. ഇതിന് നേതൃത്വം നല്‍കിയത് നിലവിലെ ഖത്തീബ് ആയിരുന്നു.
ഇദ്ദേഹത്തിന് ഇതിന് അനുമതിയില്ലെന്നും പള്ളിയില്‍ നിന്ന് മാറണമെന്നും ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം തന്നെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കണമെന്ന് പള്ളി
കമ്മിറ്റിയും അവരെ അനുകൂലിക്കുന്നവരും നിലപാടെടുത്തതോടെ വാക്കേറ്റം ഉണ്ടാകുകയും സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നു.
പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാതെ വിഷയത്തെ പൊലീസ് നടപടിയിലേക്ക് എത്തിച്ചതില്‍ കമ്മിറ്റിക്ക് വലിയ വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പള്ളിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൊലീസ് ഇടപെടുകയും ബൂട്ടിട്ട് കയറിയെന്നതുമായി ബന്ധപ്പെട്ട് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പള്ളിയുടെ ഭരണസമിതി രംഗത്തെത്തി. ഭരണസമിതി ഏകപക്ഷീയമായും രാഷ്ട്രീയക്കാരെപ്പോലെയുമാണ് പ്രവര്‍ത്തിച്ചതെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചില്ലെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
















