കണ്ണൂര്‍: സിപിഎം നേതൃത്വത്തിനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും
മറുപടിയുമായി പയ്യന്നൂര്‍ എംഎല്‍എ വി. കുഞ്ഞികൃഷ്ണന്‍. പാര്‍ട്ടി ഇപ്പോഴും ഭീഷണിയുടെ സ്വരമാണ് ഉയര്‍ത്തുന്നതെന്നും പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പാളിച്ച പറ്റിയെന്ന് കേന്ദ്രകമ്മിറ്റി വരെ മനസ്സിലാക്കിയിട്ടും അതിനെ വെല്ലുവിളിക്കുന്ന പ്രസംഗങ്ങളാണ് പിണറായിയുടെയും ജില്ലാ സെക്രട്ടറിയുടെയും ഭാഗത്തുനിന്നുണ്ടായതെന്നും കുഞ്ഞികൃഷ്ണന്‍ കുറ്റപ്പെടുത്തി. മാസപ്പടി കേസ് പോലുള്ള വിഷയങ്ങളില്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിശദീകരണം നല്‍കാന്‍ നേതൃത്വം തയ്യാറായില്ല. ജനങ്ങള്‍ക്കിടയിലുള്ള
തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സാവകാശമുണ്ടായിട്ടും അതിന് ശ്രമിക്കാതെ പാര്‍ട്ടി സ്വയം അപഹാസ്യരാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ശേഷമാണ് യുഡിഎഫ് ഉപാധികളില്ലാതെ പിന്തുണച്ചത്. പാര്‍ട്ടിയിലായിരുന്നപ്പോള്‍ എതിരാളികളുമായി യാതൊരു ബന്ധവും പുലര്‍ത്തിയിട്ടില്ല. എത്ര വീടുകയറി പ്രചാരണം നടത്തിയിട്ടും താന്‍ പറയുന്നത് തെറ്റാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സിപിഎമ്മിന് കഴിഞ്ഞില്ലെങ്കില്‍ പിശക് പറ്റിയത് പാര്‍ട്ടിക്ക് തന്നെയാണ്. മധുസൂദനന്‍ നല്‍കിയ കേസ് കോടതി ഫയലില്‍ പോലും സ്വീകരിച്ചിട്ടില്ല. പ്രകോപനപരമായി കേസ് നടത്തുന്നതും തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്നതുമായ സമീപനമാണ് സിപിഎം തുടക്കം മുതല്‍ സ്വീകരിക്കുന്നത്. എംഎല്‍എ ഓഫീസ്
ഉദ്ഘാടനത്തിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ക്ഷണിച്ചിരുന്നു. ബിജെപി പങ്കെടുത്തപ്പോള്‍ ഇടതുപക്ഷം വിട്ടുനില്‍ക്കുകയാണുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ധനരാജിന്റെ പേര് ഉച്ചരിക്കരുതെന്ന കെ.കെ. രാഗേഷിന്റെ പ്രസംഗം വിഷയം വഴിതിരിച്ചുവിടാനുള്ള ശ്രമമാണ്. താന്‍ പാര്‍ട്ടിയിലുള്ളപ്പോഴാണ് ആ കൊലപാതകം നടന്നത്. കൃഷ്ണപിള്ളയുടെയും ഇ.എം.എസിന്റെയും വി.എസിന്റെയും പേര് ഉച്ചരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുള്ളതുപോലെ ധനരാജിന്റെ പേര് പറയാനും അവകാശമുണ്ട്. ചിന്താശേഷി നഷ്ടപ്പെട്ട് വികാരത്തിന് അടിമപ്പെട്ടാണ് ചിലര്‍ സംസാരിക്കുന്നത്. ഇരിട്ടി എഡ്യൂക്കേഷണല്‍ സൊസൈറ്റി അഴിമതി പോലെ നിരവധി തട്ടിപ്പുകള്‍ ഇനി പുറത്തുവരാനുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ പങ്കാളികളായ നേതാക്കളെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം നേതൃത്വം സ്വീകരിക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ കുറ്റപ്പെടുത്തി
















