
കുറ്റ്യാടി: കടത്തനാടിന്റെ മണ്ണില്‍ വീണ്ടും ഓണപ്പൊട്ടന്മാരുടെ മണികിലുക്കം. ഉത്രാടം നാളായ ചൊവ്വാഴ്ച രാവിലെ മുതല്‍ തിരുവോണമായ ബുധനാഴ്ച വൈകീട്ട് വരെ
ഓണപ്പൊട്ടന്റെ (ഓണേശ്വരന്) മണികിലുക്കം നാടെങ്ങും കേള്‍ക്കാം. ഓണപ്പൊട്ടന് വേഷം കെട്ടിയവര്‍ രാവിലെയോടെ നിട്ടൂര്‍ പന്തീരടി തറവാട്ടിലെത്തി ദക്ഷിണയും അരിയും പുടവയും വാങ്ങിയാണ് പര്യടനമാരംഭിച്ചത്. പതിറ്റാണ്ടുകളായുള്ള ചടങ്ങാണ് നിട്ടൂര്‍ പന്തീരടി താറവാട്ടിലെത്തി അനുഗ്രഹം വാങ്ങി ദേശം ചുറ്റാനി റങ്ങുന്നത്.
മലയസമുദായത്തില്‍ പെട്ടവരാണ് ഓണപ്പൊട്ടന് വേഷം കെട്ടുന്നത്. ഉത്രാടം നാളില്‍ പുലര്‍ച്ചെ തന്നെ വേഷംകെട്ടി പന്തീരടി തറവാട്ടിലെത്തും. അവിടെ നിന്ന് അനുഗ്രഹം വാങ്ങി അരിയും പണവും മറ്റും ദക്ഷിണയായി സ്വീകരിച്ച് ഒന്നിച്ച് പുറത്തിറങ്ങി പല ദിക്കുകളിലേക്കായി പിരിയുന്നു. തുടര്‍ന്ന് അനുഗ്രഹം ചൊരിയാന്‍ വീടുകള്‍ കയറും.
വീട്ടുകാര്‍ വിളക്ക് വെച്ച് സ്വീകരിച്ച് പണവും മറ്റ് സാധനങ്ങളും ദക്ഷിണയായി നല്‍കും ഒടുവില്‍ വീട്ടുകാരെ ആനുഗ്രഹിച്ചാണ് ഇറങ്ങുന്നത്.
അത്തംമതല് വ്രതമെടുത്താണ് ഓണപ്പൊട്ടനാകുന്നത്.
ചമയങ്ങളും ആടയാഭരണങ്ങളുമൊക്കെ ഒരുക്കാന്‍ ദിവസങ്ങളെടുക്കും. ഉത്രാടം, തിരുവോണം നാളുകളില്‍ ഓലക്കുട ചൂടി, മണികിലുക്കി നാടാകെ സഞ്ചരിച്ച് വീടുകള്‍ കയറി അനുഗ്രഹം നല്‍കുന്നതാണ് രീതി. ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ പന്തീരടി തറവാട്ടില്‍ ഇതിന് സാക്ഷ്യം വഹിക്കാന്‍ ഏറെ പേരെത്തിയിരുന്നു. കാലാകാലമായി തുടരുന്ന ഒരു സമ്പ്രദായമാണിത്. തറവാട്ടിലെ ആദ്യ കാല കാരണവര്‍ മലയ സുമുദായക്കാരുമായി ഉണ്ടാക്കിയ വാക്കാല്‍ ഉടമ്പടിയുടെ ഭാഗമായാണ് പന്തീരടി തറവാട്ടിലെത്തുന്നത്.
-പി.കെ.രാധാകൃഷ്ണന്















