
വടകര: കണ്ണൂക്കര മാടാക്കര പള്ളിയില്‍ വിശ്വാസികള്‍ക്കുനേരെയുണ്ടായ പോലിസ് അതിക്രമത്തില്‍ ആഭ്യന്തര വകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് കെ.കെ. രമ
എംഎല്‍എ. വിശ്വാസികള്‍ക്കിടയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ സംയമനത്തോടെ പരിഹരിക്കാതെ ആരാധനാലയങ്ങളില്‍ കയറി അതിക്രമം കാണിക്കുന്നത് അനുവദിക്കാന്‍ കഴിയില്ല. പള്ളിക്കകത്ത് ബൂട്ടിട്ട് കയറുകയും ആളുകളെ തല്ലുകയും ചെയ്ത പോലീസ് നടപടി നീതീകരിക്കാന്‍ കഴിയില്ല. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണം. ഒരു പ്രദേശത്തിന്റെ സമാധാന അന്തരീക്ഷം കാത്തു സൂക്ഷിക്കാനാണ് അല്ലാതെ അത് തകര്‍ക്കാനല്ല നിയമ പാലകര്‍ ശ്രമിക്കേണ്ടത്. വിഷയത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.
















