
കണ്ണൂക്കര: മാടാക്കര പള്ളിയില്‍ പള്ളി കമ്മിറ്റിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ സംഘര്‍ഷം. പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി
ബന്ധപ്പെട്ട് കാലങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കമാണ സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് സ്ഥലത്തെത്തി ലാത്തിവീശി ഇരുവിഭാഗത്തെയും പിരിച്ചുവിട്ടു.
രണ്ടു വര്‍ഷത്തോളമായി മാടാക്കര പള്ളിയില്‍ ഖത്തീബിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ട്. നിലവില്‍ അബ്ദുറഹ്‌മാന്‍ ഫൈസി പൊന്മളയാണ് പള്ളിയിലെ ഖത്തീബ്. ഇദ്ദേഹത്തെ മാറ്റണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് പാണക്കാട് തങ്ങളുടെ
നേതൃത്വത്തില്‍ പാണക്കാട് കുടുംബം വിഷയത്തില്‍ ഇടപെടുകയും കഴിഞ്ഞ റംസാനിലെ ജുമുഅയ്ക്ക് മാത്രം ഇദ്ദേഹത്തിന് അനുമതി നല്‍കിക്കൊണ്ട് താല്‍ക്കാലിക പരിഹാരം കാണുകയും ചെയ്തിരുന്നു. എന്നാല്‍, അതിനുശേഷവും അദ്ദേഹം തന്നെ ഖത്തീബായി തുടര്‍ന്നു. ഇതാണ് വീണ്ടും പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.
നബിദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി പള്ളിയില്‍ മൗലൂദ് പാരായണം നടന്നിരുന്നു. നിലവിലെ ഖത്തീബ് ഇതിന് നേതൃത്വം നല്‍കിയതിനെ ഒരു വിഭാഗം ചോദ്യം
ചെയ്തു. ഇദ്ദേഹത്തെ പള്ളിയില്‍ നിന്ന് മാറ്റണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം തന്നെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കണമെന്ന് പള്ളി കമ്മിറ്റിയും അവരെ അനുകൂലിക്കുന്നവരും നിലപാടെടുത്തതോടെ വാക്കേറ്റത്തിനും സംഘര്‍ഷത്തിനും ഇടയാക്കുകയായിരുന്നു. സ്ഥലത്തെത്തിയ ചോമ്പാല പോലീസ് പള്ളിയില്‍ കയറി ഇരുവിഭാഗങ്ങള്‍ക്കും നേരെ ലാത്തി വീശി. ഇതോടെയാണ് രംഗം ശാന്തമായതെങ്കിലും വിശ്വാസികള്‍ രോഷത്തിലാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സാന്നിധ്യമുണ്ട്.
















