കൊയിലാണ്ടി: ചെണ്ടുമല്ലിയോടൊപ്പം സൂര്യകാന്തി പൂക്കളും വിരിഞ്ഞു. പരീക്ഷണം പൂര്‍ണ
വിജയം. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഒ.കെ.സുരേഷിന്റെ കൃഷിയിടത്തിലാണ്
ഇത്തവണ സുര്യകാന്തി വിരിഞ്ഞിരിക്കുന്നത്. ചെണ്ടുമല്ലിക്കൊപ്പം പരീക്ഷണ അടിസ്ഥാനത്തിലാണ് 400 ഓളം സൂര്യകാന്തി ചെടികള്‍ നട്ടത്. ഇതിന്റെ വിജയം കാണാന്‍ നടുവത്തൂര്‍ ഒറോക്കുന്ന് മലയിലെത്താം. നിറയെ സൂര്യകാന്തി പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ഇത്തവണ കാലാവസ്ഥാ വ്യതിയാനം കാരണം ഓണത്തിന് വിളവെടുക്കാന്‍ പാകമായ ചെണ്ടുമല്ലി കൃഷിയെ ബാധിച്ചിട്ടുണ്ട്. ഓറഞ്ച്, മഞ്ഞ, വെള്ള എന്നീ നിറത്തില്‍ ഉള്ളവയാണ് ചെണ്ടുമല്ലി. ഒപ്പം ചുവപ്പ്, റോസ് നിറങ്ങളിലുള്ള വാടാമല്ലി തോട്ടത്തിന് ഭംഗി കൂട്ടുന്നു. വര്‍ഷങ്ങളായി കാര്‍ഷിക മേഖലയില്‍ സജീവമായ സുരേഷ്, തന്റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയിലെ ഒഴിവു സമയങ്ങളിലാണ് കുടുംബത്തോടെപ്പം കൃഷിയിടത്തില്‍ ഉണ്ടാവുക. കഴിഞ്ഞ വര്‍ഷം നടത്തിയ ചെണ്ടുമല്ലി കൃഷിയില്‍ നിന്ന് ലഭിച്ച മികച്ച വിളവാണ് ഇത്തവണയും വലിയ രീതിയില്‍ കൃഷിയിറക്കാന്‍ പ്രചോദനമായത്. എന്നാല്‍, പ്രതീക്ഷിച്ച വിളവ് ലഭിച്ചിട്ടില്ലെന്ന് സുരേഷ് പറയുന്നു. ചെടികള്‍ക്ക് ഒരുതരം രോഗബാധയേറ്റത് പോലെ പെട്ടെന്ന് വാടിപ്പോകുന്ന അവസ്ഥയാണ് ഇത്തവണ നേരിട്ടത്. ഈ പ്രതിസന്ധിക്കിടയിലും പരീക്ഷണാര്‍ഥം സൂര്യകാന്തി കൃഷി പൂര്‍ണ വിജയമായതിന്റെ സന്തോഷത്തിലാണ് സുരേഷ്. ചെണ്ടുമല്ലിയുടെ ഓണക്കാല സീസണ്‍ കഴിഞ്ഞാലുടന്‍, വരുന്ന ഡിസംബറോടെ തന്റെ 75 സെന്റ് സ്ഥലത്ത് മുഴുവനായും സൂര്യകാന്തി കൃഷി ചെയ്യാനാണ് സുരേഷ് ലക്ഷ്യമിടുന്നത്. പോലീസിലെ കര്‍ഷക മനസ്സിന് നാട്ടുകാരുടെ പൂര്‍ണ പിന്തുണയും ഉണ്ട്.
-സുധീര്‍ കൊരയങ്ങാട്















