വടകര: ദീപലേഖയുടേത് സര്‍ക്കാര്‍ സ്‌പോണ്‍സേഡ് മരണമാണെന്നും ഒഴിവാക്കപ്പെടേണ്ട സംഭവമാണെന്നും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ പ്രസ്താവനയുമാണ് ഇതിന്
ഉത്തരവാദിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റംഗം പി.എ.മുഹമ്മദ് റിയാസ് എംഎല്‍എ പറഞ്ഞു. ആരോഗ്യ സ്ഥിതി മാനിക്കാതെ അന്യായമായി സ്ഥലംമാറ്റിയ മനോവിഷമത്തില്‍ കുഴഞ്ഞു വീണു മരിച്ച മേപ്പയില്‍ ശ്രീസ്ഥയില്‍ ആര്‍.ദീപലേഖയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലിന് പരിക്ക് പറ്റി പ്രയാസമനുഭവിക്കുന്ന ഘട്ടമായിട്ടും അവര്‍ക്ക് ന്യായമായി ലഭ്യമാകേണ്ട ട്രാന്‍സ്ഫര്‍ നല്‍കാതെ പ്രയാസപ്പെടുത്തുകയായിരുന്നു. ട്രാന്‍സ്ഫര്‍ ഇനിയുമുണ്ടാകും റെഡിയായിക്കൊള്ളൂ എന്ന് വെല്ലുവിളിച്ച മുഖ്യമന്ത്രിയുടെ അക്രോശം ഏറ്റെടുത്ത് ഉത്തരവാദപ്പെട്ടവര്‍ ഒരു കരുണയും കാണിക്കാതെ എല്ലാ ചട്ടങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചു കൊണ്ടാണ് ദീപലേഖയെ ദൂര സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തത്. നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോള്‍ നീതി ലഭിച്ചില്ലെന്ന് മാത്രമല്ല കൂടുതല്‍ പ്രയാസപ്പെടുത്തുന്ന തീരുമാനം വന്നു എന്നറിഞ്ഞ ഉടനെയാണ് ദീപ ലേഖ കുഴഞ്ഞുവീണ് മരണപ്പെട്ടത്. വൈരനിര്യാതന ബുദ്ധിയോടു കൂടി രാഷ്ട്രീയ വിരോധം വെച്ച് ഇനിയും ട്രാന്‍സ്ഫര്‍ ഉണ്ടാകുമെന്ന് പറഞ്ഞ കേരളത്തിന്റ ആദ്യ മുഖ്യമന്ത്രിയാണ് വി.ഡി.സതീശന്‍. കേരളത്തിലെ ഒരു മുഖ്യമന്ത്രിമാരും ഇത്തരമൊരു നിലപാട് സ്വീകരിച്ചിട്ടില്ല. യുഡിഎഫിന്റെ മുന്‍കാല മുഖ്യമന്ത്രിമാരില്‍ ആരും പറയാന്‍ മടിച്ച കാര്യം പരസ്യമായി കേരളത്തിലെ നിലവിലുള്ള മുഖ്യമന്തി പറഞ്ഞു. ആയിരക്കണക്കിന് ജീവനക്കാരാണ് ഇന്ന് അന്യായമായ ട്രാന്‍സ്ഫര്‍ കാരണം ദുരിത മനുവഭിക്കുന്നത്. ചിലര്‍ മരണപ്പെടുന്നു. ചിലര്‍ മാനസിക പ്രയാസത്തിലാവുന്നു. കേരളം ഇന്നു വരെ കാണാത്തതാണ് ഇത്. അന്യായമായ ട്രാന്‍സ്ഫറിന്റെ രക്തസാക്ഷിയാണ് ദീപ ലേഖയെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ഏരിയ സെക്രട്ടറി ടി.പി.ഗോപാലന്‍, കെ.പി.ശ്രീജിത്ത്, ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി എന്‍.ഷിജിന്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായി.















