ന്യൂഡല്‍ഹി/വടകര: ദേശീയപാത 66ലെ അഴിയൂര്‍-വെങ്ങളം റീച്ചില്‍ നിര്‍മാണ പ്രവൃത്തികള്‍ ഇഴഞ്ഞുനീങ്ങുന്നതും റോഡിലെ രൂക്ഷമായ യാത്രാദുരിതവും സംബന്ധിച്ച്
ഷാഫി പറമ്പില്‍ എംപി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ നേരില്‍ കണ്ട് ശക്തമായ പ്രതിഷേധം അറിയിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിര്‍മാണക്കമ്പനിയായ അദാനി ഗ്രൂപ്പിന് താക്കീത് നല്‍കാനും വീഴ്ച തുടര്‍ന്നാല്‍ കരാര്‍ ടെര്‍മിനേറ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് കടക്കാനും കേന്ദ്രമന്ത്രി എന്‍എച്ച്എഐ അംഗങ്ങള്‍ക്കും ചെയര്‍മാനും നിര്‍ദേശം നല്‍കി.
വടകരയിലെ രൂക്ഷമായ യാത്രാ ദുരിതം, സര്‍വീസ് റോഡുകളുടെ തകര്‍ച്ച, മഴവെള്ളക്കെട്ട്, മണ്ണടിച്ചില്‍, റോഡിലെ കുഴികള്‍ എന്നിവ വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും എംപി കേന്ദ്രമന്ത്രിക്ക് മുന്നില്‍ നേരിട്ട് കാണിച്ചു. നിരന്തരം പരാതികള്‍ ഉന്നയിച്ചിട്ടും സമയബന്ധിതമായ തീരുമാനങ്ങള്‍ ഉണ്ടാകുന്നില്ലെന്നും ചെറിയ കാര്യങ്ങളില്‍ പോലും അനന്തമായ കാലതാമസം നേരിടുന്നുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ യാത്രാദുരിതം തുടരുന്നത് നീതിനിഷേധവും വെല്ലുവിളിയുമാണെന്ന് ഷാഫി പറമ്പില്‍ എംപി
മന്ത്രിയെ ധരിപ്പിച്ചു. തുടര്‍ന്ന് വിഷയം ഏറെ ഗൗരവത്തോടെ കണ്ട കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, എന്‍എച്ച്എഐന്റെ കേരളത്തിന്റെ ചുമതലയുള്ള അംഗത്തെ ഓഫീസിലേക്ക് നേരിട്ടു വിളിച്ചുവരുത്തുകയും ചെയര്‍മാനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ജനങ്ങളെ ഇനിയും പ്രയാസപ്പെടുത്താന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, യാത്രാദുരിതം തുടരുകയാണെങ്കില്‍ അദാനി ഗ്രൂപ്പിനെ പ്രവൃത്തിയില്‍ നിന്നു ടെര്‍മിനേറ്റ് ചെയ്യുന്നത് ആലോചിക്കേണ്ടിവരുമെന്ന സന്ദേശം കമ്പനിക്ക് നല്‍കാന്‍ ഉത്തരവിട്ടു. കഴിഞ്ഞദിവസം എംപി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ അഴിയൂര്‍-വെങ്ങളം റീച്ചില്‍ തല്‍സ്ഥിതി വിലയിരുത്താന്‍ എന്‍എച്ച്എഐ ചെയര്‍മാന്റെ നിര്‍ദേശപ്രകാരം ഇന്നലെ പരിശോധന നടന്നതായി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. ഈ പരിശോധനയുടെയും നിലവിലെ പ്രവൃത്തികളുടെയും കൃത്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.















