വടകര: പഴയ ബസ് സ്റ്റാന്റില്‍ നിന്നു സര്‍വീസ് നടത്തുന്ന ബസുകള്‍ വീണ്ടും ലിങ്ക്
റോഡിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് വടകരയുടെ കച്ചവട സമൂഹം വ്യാഴാഴ്ച ആര്‍ഡിഒ ഓഫീസിലേക്ക് മാര്‍ച്ച് ചെയ്യും. കഴിഞ്ഞ ആറു വര്‍ഷമായി ലിങ്ക് റോഡില്‍ നിന്നു സര്‍വീസ്
നടത്തിയിരുന്ന ബസുകളെ പഴയ ബസ് സ്റ്റാന്‍ഡിലേക്ക് മാറ്റിയിരുന്നു. ഇതുമൂലം വടകരയുടെ കച്ചവട മേഖലയ്ക്ക് ഉണര്‍വ് വരികയും ഒരു പരിധിവരെ ഗതാഗതക്കുരുക്ക് അഴിയുകയും ചെയ്തിരുന്നു. ദേശീയപാത പ്രവൃത്തിയോടനുബന്ധിച്ച് ഇന്നലെ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ 67 വര്‍ഷമായി പരീക്ഷിച്ചു പരാജയപ്പെട്ട ലിങ്ക് റോഡിലെ ബസ് പാര്‍ക്കിംഗ് വീണ്ടും പുനഃസ്ഥാപിക്കാന്‍ തീരുമാനമെടുത്തതാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. ഇത് കോട്ടപ്പറമ്പ് മേഖലയെ ഇല്ലാതാക്കുമെന്നും നിലവിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നും സംയുക്ത വ്യാപാര മേഖലയിലെ വ്യാപാരി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. ഈ തീരുമാനത്തില്‍ നിന്നു കളക്ടര്‍ പിന്മാറണമെന്നും വടകരയിലെ ജനങ്ങളുടെ ദുരിതം അകറ്റാന്‍ ദേശീയപാതയുടെ ജോലി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കളക്ടറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച 10 മണിയ്ക്ക് വടകര മര്‍ച്ചന്റ്സ് അസോസിയേഷന് ഓഫീസില്‍ നിന്ന് ആരംഭിക്കുന്ന വ്യാപാരികളുടെ
പ്രതിഷേധ മാര്‍ച്ച് ആര്‍ഡിഒ ഓഫീസിനു മുന്പില് സമാപിച്ചുകൊണ്ട് ശക്തമായ പ്രതിഷേധം ഉയര്‍ത്തും. തീരുമാനത്തില്‍ നിന്ന് കലക്ടര്‍ പിന്മാറിയില്ലെങ്കില് വ്യാപാര മേഖല സ്തംഭിപ്പിച്ചുള്ള ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നു യോഗം അറിയിച്ചു. മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എം.അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.പി.മജീഷ് സ്വാഗതം പറഞ്ഞു. രഞ്ജിത്ത് കല്ലാട്ട്, കെ.എന്‍.വിനോദ്, എന്‍.പി.ഗോപി, കെ.പി.രാജന്, പി.കെ.രതീശന്, ഗിരീശന്, ഒ.കെ.സുരേന്ദ്രന്, പി.എം.ഹരീന്ദ്രന്‍, വി.പി.ശശി, ഡി.എം.ശശീന്ദ്രന്, കെ.കെ.അജിത് കുമാര്‍, സുധീര്‍ കുമാര്‍, എ.ടി.കെ.സാജിദ്, ഷസീര്‍.സി.എച്ച്, തോമസ് സ്റ്റാര്‍ നൈലോണ്‍, നസീര്‍ സ്റ്റാള്‍ തുടങ്ങിയ വ്യാപാരി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.















