ചെമ്മരത്തൂര്‍: ദേശീയപാതയുടെ വികസനത്തിനായി വഗാഡ് കമ്പനി മണ്ണെടുപ്പ് നടത്തിയ ഉപ്പിലാറ മലയില്‍ കനത്ത മഴയെത്തുടര്‍ന്ന് അവശേഷിക്കുന്ന ഭാഗം ഏത് സമയവും താഴേക്ക്
പതിക്കുമെന്ന നിലയില്‍. മുകള്‍ ഭാഗത്തും താഴ്വാരത്തും താമസിക്കുന്ന ജനങ്ങള്‍ അതീവ ഭീതിയിലാണ്. മലയില്‍ നിന്ന് ചെളിവെള്ളം ഒലിച്ചിറങ്ങി മീങ്കണ്ടികീഴല് മുക്ക് റോഡിലൂടെ യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ചെളിവെള്ളം ഒഴുകി മണിയൂര്‍ ഡിസ്ട്രിബ്യൂട്ടറി കനാല്‍ നികന്നു തുടങ്ങി. കനാലിന്റെ പാര്‍ശ്വഭാഗങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഉപ്പിലാറ മലയും പരിസരവും വടകര തഹസില്‍ദാരുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരും പഞ്ചായത്തധികൃതരും സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സര്‍ക്കാറിന്റെയും പഞ്ചായത്തിന്റെയും ഭാഗത്ത് നിന്ന് അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്ന് തിരുവള്ളൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ശ്രീജിത്ത് എടത്തട്ട ആവശ്യപ്പെട്ടു. അശാസ്ത്രീയമായ മണ്ണെടുപ്പിന് നേതൃത്വം നല്കിയവരേയും വഴിവിട്ട് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരേയും നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.















