വടകര: ദേശീയപാതയില്‍ മീത്തലെ മുക്കാളിയില്‍ വീണ്ടും മണ്ണിടിച്ചില്‍. നിര്‍മാണ പ്രവൃത്തി നടക്കുന്ന ഭാഗത്താണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മണ്ണിടിച്ചില്‍ ഉണ്ടായത്. കോണ്‍ക്രീറ്റ് വാള്‍ നിര്‍മിക്കാനായി ഒരുക്കിയ കമ്പിയും വലിയ ഷീറ്റും ഇരുമ്പ് തൂണുകളും
ഫൗണ്ടേഷന്‍ ഉള്‍പ്പെടെ മണ്ണിടിച്ചിലില്‍ തകര്‍ന്നു. മണ്ണ് ഇടിഞ്ഞ ഭാഗത്തിന് സമീപം മുകളില്‍ താമസിക്കുന്ന വീട്ടുകാര്‍ ഭീതിയിലായി. ഇവിടെ ഒരു വര്‍ഷം മുന്‍പ് 50 മീറ്റലേറെ ഉയരമുള്ള കയ്യാലയില്‍ സോയില്‍ നെയിലിംഗ് ചെയ്ത് ഉറപ്പിച്ചിരുന്നു. പരിസ്ഥിതി ലോല പ്രദേശമായ ഇവിടെ മണ്ണിലേക്ക് മൂന്നു മീറ്റര്‍ നീളമുള്ള കമ്പി കയറ്റിയാണ് സോയില്‍ നെയിലിംഗ് ചെയ്തത്. അന്നുതന്നെ നാട്ടുകാരുടെ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. പണി പൂര്‍ത്തീകരിച്ച് മാസങ്ങള്‍ക്കകം തന്നെ ചെയ്ത ഭാഗം ഇടിഞ്ഞു താഴ്ന്നു. ഇവിടെ വീണ്ടും പലതവണ മണ്ണിടിച്ചിലുണ്ടായപ്പോള്‍ നാട്ടുകാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരും വലിയ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. അതിനുശേഷമാണ് കോണ്‍ക്രീറ്റ് വാളിന്റെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചത്. ഈ നിര്‍മാണ പ്രവൃത്തി നടക്കുന്ന മേഖലയിലാണ് വലിയ തോതില്‍ ഞായറാഴ്ച പുലര്‍ച്ചെ മണ്ണിടിഞ്ഞത്. വലിയ ശബ്ദത്തോടെ ഭിത്തി നിര്‍മാണത്തിന് ഒരുക്കിയ പലകയും തൂണുകളും റോഡിലേക്ക് പതിച്ചപ്പോള്‍ ഗതാഗതം തടസ്സവും ഉണ്ടായി. കോണ്‍ക്രീറ്റ് ഭിത്തി നിര്‍മിക്കാനായി ഒരുക്കിയ കമ്പി ഉള്‍പ്പെടെ മണ്ണിടിച്ചലില്‍ തകര്‍ന്നു. ഇപ്പോഴും പലഭാഗങ്ങളും ഏത് നിമിഷവും ഇടിഞ്ഞു വീഴാവുന്ന തരത്തില്‍ നില്‍ക്കുകയാണ്.















