
അഴിയൂര്‍: ദേശീയപാത വികസനത്തിന്റെ പേരില്‍ ആറ് മാസമായി മുക്കാളി ടൗണ്‍ വഴിയുള്ള ഗതാഗതം നിലച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാവുന്നു. ജനപ്രതിനിധികളുടെയും സര്‍വകക്ഷികളുടെയും വ്യാപാരി സംഘടനകളുടെയും
നേതൃത്വത്തില്‍ മീത്തലെ മുക്കാളിയിലെ ദേശീയപാത നിര്‍മാണ പ്രവൃത്തി തടഞ്ഞു.
മുക്കാളി ടൗണ്‍ റോഡും ദേശീയപാതയും ബന്ധിപ്പിക്കുന്നിടത്ത് മതിയായ സൗകര്യം ഒരുക്കാത്തതിനാല്‍ വടകര ഭാഗത്തേക്ക് പോകുന്ന ബസുകള്‍ക്ക് മുക്കാളി ടൗണിലേക്ക് വരാനാവുന്നില്ല. ഇവ ദേശീയപാതയിലൂടെ പോവുകയാണ് ചെയ്യുന്നത്. ഇത് ടൗണിലെ കച്ചവടത്തെ തന്നെ ബാധിച്ചിരിക്കുകയാണ്. ആര്‍ഡിഒയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടും ടൗണിലേക്കുള്ള റോഡ് തുറന്ന് കൊടുക്കാനുള്ള സംവിധാനം ഒരുക്കാത്ത സാഹചര്യത്തിലാണ് പ്രതിഷേധവുമായി പ്രവൃത്തി തടഞ്ഞത്. കരാര്‍ കമ്പനി
പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് യുദ്ധകാലാടിസ്ഥാനത്തില്‍ ഗതാഗതം പുനഃസ്ഥാപിക്കുമെന്ന ഉറപ്പില്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. ചര്‍ച്ചയില്‍ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ശ്രീധരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രമോദ് മാട്ടാണ്ടി, സജീവന്‍ വാണിയംകുളം, കരാര്‍ പ്രതിനിധി ജഗന്നാദ് ചന്ദ്ര, വിവിധ സംഘടാ പ്രതിനിധികളായ കെ പി ജയകുമാര്‍, പി ബാബുരാജ്, എ. ടി ശ്രീധരന്‍, യു എ റഹീം, പ്രദീപ് ചോമ്പാല, കെ പി വിജയന്‍, എ.ടി മഹേഷ്, കെ തിലകന്‍, ബാബു ഹരിപ്രസാദ്, എം പ്രഭുദാസ്, പുരുഷു രാമത്ത്, ടി രമേശന്‍, കെ പി ഗോവിന്ദന്‍, നസീര്‍ വീരോളി എന്നിവര്‍ പങ്കെടുത്തു.
















