വടകര: വില്യാപ്പള്ളിയില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ ആറു വയസുകാരി മകള്‍ വയറുവേദനയും ഛര്‍ദിയും ബാധിച്ച് മരിച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ ഭരത്പൂര്‍
സ്വദേശി എസ്.കെ.അജിഫൂറിന്റെ മകള്‍ നസ്‌റിനാണ് മരിച്ചത്. കലശലായ വയറുവേദനയും ഛര്‍ദ്ദിയും പിടിപെട്ടതിനെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ വടകര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയരുന്നു. ഡോക്ടറെ കണ്ടതിനു ശേഷം താമസ സ്ഥലത്തേക്ക് മടങ്ങി. വൈകുന്നേരത്തോടെ രോഗം മൂര്‍ഛിച്ച് അവശനിലയിലായ കുട്ടിയെ വില്യാപ്പള്ളി എംജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ആശുപത്രിയില്‍ എത്തുംമുമ്പ് മരണപ്പെട്ടതിനാല്‍ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയുണ്ടായി. പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും. സംഭവത്തില്‍ വടകര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
















