വേളം: ആരോഗ്യം, കൃഷി, സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്കി വേളം ഗ്രാമ പഞ്ചായത്ത് ബജറ്റ്. 35,51,97,539 രൂപ വരവും 34,91,46,873രൂപ ചെലവും 82,75,986 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ.സി. ബാബു അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതില്‍ അധ്യക്ഷത വഹിച്ചു.
കുടംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മാണം ഉള്‍പ്പെടെ 91,80,000 രൂപ ആരോഗ്യ മേഖലയ്ക്ക് നീക്കിവെച്ചു. കൃഷിക്ക് 48,62,445 രൂപയും ക്രാഡില്‍ അങ്കണവാടി നിര്‍മ്മാണം ഉള്‍പ്പെടെ 53,96,800 രൂപ അങ്കണവാടി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ചു. ലൈഫ് ഭവന പദ്ധതിക്ക് 5,51,15,000 രൂപ വകയിരുത്തി. മാലിന്യ സംസ്കരണ നിര്‍മാര്‍ജനത്തിന് 25,09,270 രൂപയും കുടിവെള്ള പദ്ധതികളുടെ പൂര്‍ത്തീകരണത്തിന് 19,50,000 രൂപയും നീക്കിവെച്ചു. ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ്, ബഡ്സ് സ്കൂള്‍ നടത്തിപ്പ് ഉള്‍പ്പെടെ സാമൂഹിക സുരക്ഷിതത്വ പരിപാടികള്‍ക്കായി 36,00,000 രൂപ മാറ്റി വെച്ചു. റോഡുകള്‍, പാലങ്ങള്‍, തെരുവ് വിളക്കുകള്‍ ഉള്‍പ്പെടെ പശ്ചാത്തല മേഖലയ്ക്ക് 1,71,30,000 രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതികള്‍ക്കായി 11,55,00,000 രൂപ വകയിരുത്തി. കല, കായിക, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സംഖ്യ മാറ്റി വെച്ചിട്ടുണ്ട്.
സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ പി.സൂപ്പി, സുമ മലയില്‍, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സി.കെ.റഫീഖ്, മെമ്പര്‍മാരായ തായന ബാലാമണി, കിണറുള്ളതില്‍ അസീസ്, പി.എം.കുമാരന്, അജ്ഞന സത്യന്, എം.സി.മൊയ്തു, കെ.സി.സിത്താര, കെ.കെ.ഷൈനി, ബീന കോട്ടേമ്മല്‍, ഇ.പി.സലിം, സി.പി.ഫാത്തിമ, അനീഷ പ്രദീപ്, പി.പി.ചന്ദ്രന്, അക്കൗണ്ടന്റ് പി.പി.വിനീതന് തുടങ്ങിയവര്‍ സംസാരിച്ചു.