
കൊയിലാണ്ടി: കൊല്ലം ചിറയില്‍ അപകടത്തില്‍പ്പെട്ട യുവതിയെ സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷിച്ച പാലക്കുളം സ്വദേശിയും തെങ്ങുകയറ്റ തൊഴിലാളിയുമായ
ചാത്തുക്കുട്ടിക്ക് നാടിന്റെ ആദരം.
വയോധികനായ അദ്ദേഹത്തിന് പാലക്കുളം വടക്കന്‍സ് സംഘടനയും പാലക്കുളം ബ്രദേഴ്‌സും സംയുക്തമായി സ്വീകരണവും ആദരവും നല്‍കി.
ഇന്നലെ കൊല്ലം ചിറയില്‍ ഇറങ്ങിയ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ കാല്‍തെറ്റി ആഴത്തിലേക്ക് താഴ്ന്നപ്പോള്‍, അതുവഴി സൈക്കിളില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ചാത്തുക്കുട്ടി അപകടസാധ്യത കണക്കിലെടുക്കാതെ ചിറയിലേക്ക് ചാടി യുവതിയെ
സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയായിരുന്നു. ഈ ധീരമായ രക്ഷാപ്രവര്‍ത്തനം സമൂഹമാധ്യമങ്ങളിലും വാര്‍ത്താമാധ്യമങ്ങളിലും വ്യാപക ശ്രദ്ധ നേടിയിരുന്നു.
പാലക്കുളം ടൗണില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ മൂടാടി ഗ്രാമപഞ്ചായത്ത് അംഗം സത്യന്‍ കാട്ടില്‍ ചാത്തുക്കുട്ടിയെ പൊന്നാട അണിയിച്ച് ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. കെ.കെ. ശ്രീദേഷ് അധ്യക്ഷത വഹിച്ചു. സി.പി. റിജിലേഷ്, കെ.കെ,ശശി, രണ്‍ധീര്‍ലാല്‍, കെ കെ.രാജേഷ്, വി.വി.സുഹൈല്‍, എം.എം.സലിം, എം അഷറഫ് എന്നിവര്‍ സംസാരിച്ചു.
















