
കല്‍പ്പറ്റ: വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മൂന്ന് മരണം. രക്ഷപ്പെട്ട ആറുപേര്‍ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
കഴിയുകയാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഹിര കുമാര്‍ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് ഠാക്കൂര്‍ (35), രജനീഷ് (27), തന്മയ് ഘോഷ് (28), ജയ (37), കുഞ്ചു (39), മേപ്പാടി എസ്ഐ സന്തോഷ് കുമാര്‍ എന്നിവരാണ് ചികിത്സയിലുള്ളത്.
തുരങ്കപാത നിര്‍മാണമേഖലയിലെ മീനാക്ഷിപാലത്തിനടുത്തുള്ള കുന്ന് വലിയ തോതില്‍ ഇടിഞ്ഞ് നിര്‍മാണ സ്ഥലത്തേക്കും റോഡിലേക്കും അടുത്തുള്ള പുഴയിലേക്കും പതിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ തൊഴിലാളികള്‍
മണ്ണിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് സംശയം. തൊഴിലാളികളുമായി വന്ന രണ്ടു ബസുകളും മണ്ണിനടിയില്‍ പെട്ടിട്ടുണ്ട്.
കുന്നിന് മുകളില്‍ നിന്നുള്ള ചെളിവെള്ളം ഗതിതിരിച്ച് വിടുന്നതിനായി മൂന്ന് ഹിറ്റാച്ചിയും പത്തോളം തൊഴിലാളികളും അവിടെ ഉണ്ടായിരുന്നതായാണ് വിവരം. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറ്റിയിട്ട മണ്ണ് ഒഴുകിയിറങ്ങി എന്തെങ്കിലും തരത്തിലുള്ള പ്രശ്നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു.
















