
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ജ്യോതിബാബുവിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജ്യോതിബാബുവിന്റെ രണ്ട് വൃക്കകളും പ്രവർത്തനരഹിതമായതായും അടിയന്തരമായി വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമാണെന്നുമുള്ള മെഡി
ക്കൽ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി. ജയിലിൽ വെച്ച് കൃത്യമായ ചികിത്സ നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗം ജാമ്യാപേക്ഷ സമർപ്പിച്ചത്. സർക്കാരും ജ്യോതിബാബുവിന്റെ ആരോഗ്യനില സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ട് കോടതിക്ക് കൈമാറിയിരുന്നു.
നവംബറിൽ ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ ആരോഗ്യനില വഷളായ സാഹചര്യത്തിലാണ് ഇപ്പോൾ മാനുഷിക പരിഗണനയോടെ ഇടക്കാല ജാമ്യം അനുവദിച്ചത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഗൂഢാലോചനാ കുറ്റത്തിന് ഹൈക്കോടതി ജീവപര്യന്തം ത
ടവിന് ശിക്ഷിച്ച പ്രതിയാണ് സിപിഎം കുന്നോത്തുപറമ്പ് ലോക്കൽ കമ്മിറ്റി മുൻ അംഗമായ ജ്യോതിബാബു. ഹൈക്കോടതി വിധിക്ക് പിന്നാലെ 2024 ഫെബ്രുവരിയിലാണ് ഇദ്ദേഹം കീഴടങ്ങിയത്.
കൊലപാതകക്കേസിലെ പ്രതിയായതിനാൽ ജാമ്യം അനുവദിക്കുന്നതിനെ ടി.പി. ചന്ദ്രശേഖരന്റെ ഭാര്യയും എംഎൽഎയുമായ കെ.കെ. രമ കോടതിയിൽ എതിർത്തിരുന്നു. എന്നാൽ ചികിത്സയ്ക്കുള്ള മൗലികാവകാശം പരിഗണിച്ചാണ് കോടതിയുടെ ഈ ഉത്തരവ്.
















