ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 183.50 രൂപ കുറച്ചതോടെ
സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് വിലക്കുറവ്. എന്നാല്‍ ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റം ഇല്ല.
വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ സിലിണ്ടര്‍ നിയന്ത്രണത്തിനൊപ്പം വിലക്കയറ്റവും നേരിട്ടിരുന്നു. മെയ് ആദ്യവാരം വാണിജ്യസിലിണ്ടറുകള്‍ക്ക് 900 രൂപയിലേറെ
കൂട്ടിയിരുന്നു. ഈ വർഷം ആദ്യമായാണ് വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത്. വിവിധ നഗരങ്ങളിൽ 173 രൂപ മുതൽ 183.50 രൂപ വരെയുള്ള കുറവാണ് 19 കിലോയുടെ വാണിജ്യ സിലിണ്ടറുകൾക്ക് ഇത്തവണ ഉണ്ടായിരിക്കുന്നത്.
യുഎസും ഇറാനും തമ്മിൽ 60 ദിവസത്തെ പുതിയ വെടിനിർത്തൽ കരാർ വന്നതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഗണ്യമായി ഇടിഞ്ഞു. ആഗോള എണ്ണ – വാതക ഗതാഗതത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സജീവമായതും വിപണിക്ക് അനുകൂലമായി.
















