
കോഴിക്കോട്: ജില്ലയിലെ പല വികസന പ്രവൃത്തികളും മന്ദഗതിയിലാണെന്നും ഇതിന് പരിഹാരം വേണമെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ എംഎല്‍എമാര്‍
ആവശ്യപ്പെട്ടു. കാലപരിധി അവസാനിച്ചിട്ടും പല പ്രവൃത്തികളും പാതിവഴിയിലാണ്. റോഡ് പ്രവൃത്തികള്‍ പൂര്‍ത്തിയാകാത്തത് വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും കാരണമാകുന്നു. ജലവിതരണ പദ്ധതികളും വിദ്യാലയങ്ങളുടെ പ്രവൃത്തികളുമടക്കം ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയുണ്ട്. വീഴ്ച വരുത്തുന്ന കരാറുകാരെ മാറ്റുന്നത് പരിഗണിക്കണമെന്നും എംഎല്‍എമാര്‍ ആവശ്യപ്പെട്ടു.
കരാറുകാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തതും തൊഴിലാളി
ക്ഷാമവും നിര്‍മാണ വസ്തുക്കളുടെ ലഭ്യതക്കുറവും മഴയുമെല്ലാമാണ് പല പ്രവൃത്തികളുടെയും പൂര്‍ത്തീകരണത്തിന് തടസ്സമാകുന്നതെന്നും പ്രത്യേക യോഗങ്ങള്‍ ചേര്‍ന്ന് പരിഹാരം കാണുമെന്നും അധ്യക്ഷത വഹിച്ച കലക്ടര്‍ എം.എസ്. മാധവിക്കുട്ടി അറിയിച്ചു.
വടകര റവന്യൂ ടവര്‍ നിര്‍മാണത്തിലെ സാങ്കേതിക തടസ്സം നീക്കണമെന്ന് കെ.കെ. രമ എംഎല്‍എ ആവശ്യപ്പെട്ടു. പ്രദേശം സന്ദര്‍ശിച്ച് തുടര്‍നടപടികളെടുക്കുമെന്ന് കലക്ടര്‍ അറിയിച്ചു. വടകര നിയോജക മണ്ഡലത്തിലെ ഓട്ടോ തൊഴിലാളികള്‍ക്ക് അപേക്ഷ നല്‍കി ഒരു വര്‍ഷത്തോളമായിട്ടും പെര്‍മിറ്റ് ലഭിച്ചില്ലെന്ന വിഷയവും എംഎല്‍എ യോഗത്തില്‍
ഉന്നയിച്ചു. ജൂലൈ ഒന്നിന് ചേരുന്ന ആര്‍ടിഎ യോഗത്തില്‍ വിഷയം പരിഗണിക്കുമെന്ന് ആര്‍.ടി.ഒ അറിയിച്ചു.
കൊടുവള്ളി മണ്ഡലത്തില്‍ കുടിവെള്ള പൈപ്പ്ലൈന്‍ സ്ഥാപിക്കാന്‍ പൊളിച്ചിട്ട പല റോഡുകളും പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ലെന്നും പൈപ്പ്ലൈന്‍ കണക്ഷന്‍ നല്‍കിയിട്ടും പലയിടത്തും വെള്ളം ലഭിക്കുന്നില്ലെന്നും പി കെ ഫിറോസ് എംഎല്‍എ ചൂണ്ടിക്കാട്ടി. പ്രവൃത്തികള്‍ നടക്കുന്നുണ്ടെന്നും വൈകാതെ പൂര്‍ത്തിയാക്കുമെന്നും വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. താമരശ്ശേരി-ചുങ്കം ലിങ്ക് റോഡ് വികസനത്തിന് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക യോഗം വിളിക്കുമെന്നും എം.എല്‍.എ അറിയിച്ചു.
കനത്ത മഴയില്‍ കൃഷിനാശമുണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത്
വേഗത്തിലാക്കണമെന്നും തെരുവുനായ ശല്യം പരിഹരിക്കാന്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും ഫാത്തിമ തഹ്ലിയ എംഎല്‍എ ആവശ്യപ്പെട്ടു.
ഭരണാനുമതി ലഭിച്ച 23 നവകേരള സദസ്സ് പ്രവൃത്തികളില്‍ 18 പ്രവൃത്തികള്‍ ആരംഭിച്ചതായും ഒരെണ്ണം പൂര്‍ത്തീകരിച്ചതായും യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി വേണമെന്നും ആവശ്യമുയര്‍ന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, എഡിഎം കെ ഷറീന, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി ആര്‍ രത്നേഷ് എന്നിവര്‍ സംസാരിച്ചു.
















