
കൊയിലാണ്ടി: ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിലെയും ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് ഗ്രാമപഞ്ചായത്തിലെയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അണിനിരക്കുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. അരിക്കുളം ഗ്രാമപഞ്ചായത്തിലെ എടിഎംഒ സ്‌പോര്‍ട്‌സ് സെന്റര്‍ കുരുടിവീട് മുക്കില്‍ ജൂണ്‍ 29ന് തിങ്കളാഴ്ച വൈകിട്ട് ആറു മുതലാണ് മത്സരമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍
അറിയിച്ചു.
ഭരണരംഗത്തെ തിരക്കുകള്‍ മാറ്റിവെച്ച് ഒത്തൊരുമയും സൗഹൃദവും വിളിച്ചോതുന്നതിനാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്തരമൊരു വേദിയൊരുക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അരിക്കുളം, മൂടാടി, അത്തോളി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മത്സരത്തില്‍ പങ്കെടുക്കും. തിങ്കള്‍ വൈകിട്ട് ആറിന് ജില്ലാ പോലീസ് മേധാവി മെറിന്‍ജോസഫ് മത്സരം ഉദ്ഘാടനം ചെയ്യും. കായിക പ്രേമികളെ അണിനിരത്തി പ്രത്യേക ഐക്യദാര്‍ഢ്യ പ്രകടനം (റോഡ് ഷോ) വൈകിട്ട് 5.30ന് കാരയാട്
ബാങ്ക് പരിസരത്തു നിന്ന് ആരംഭിക്കും. നാടിന്റെ കായിക കൂട്ടായ്മയുടെ പ്രതീകമായി മാറുന്ന ഈ സൗഹൃദ മത്സരം കാണാനും കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനും മുഴുവന്‍ ജനങ്ങളും പങ്കാളികളാകണമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അഭ്യര്‍ഥിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിനിലേഷ്, വൈസ് പ്രസിഡന്റ് പി.വി.അനുഷ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സാബിത, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സന്തോഷ് കുന്നുമ്മല്‍, പി എം, ശ്രീലത എന്നിവര്‍ പങ്കെടുത്തു
















