
നാദാപുരം: ഖത്തറിലെ റാസ് ലഫാന്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ച തൂണേരി വെള്ളൂരിലെ കളരിയുള്ളതില്‍ അര്‍ജുന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.
അന്ത്യോപചാരം അര്‍പിക്കാന്‍ ആയിരങ്ങളെത്തി. ഇന്നു രാവിലെ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
പുലര്‍ച്ചെ 2.30-ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ആവശ്യമായ നടപടികള്‍ക്ക് ശേഷം രാവിലെ ആറ് മണിയോടെയാണ് തൂണേരിയിലെ വീട്ടിലെത്തിച്ചത്.
അര്‍ജുനെ ഒരുനോക്ക് കാണാന്‍ പുലര്‍ച്ചെ മുതല്‍ വലിയ ജനപ്രവാഹമാണ് വീട്ടിലേക്ക് എത്തിക്കൊണ്ടിരുന്നത്. പ്രവാസലോകത്തെ നടുക്കിയ ദുരന്തത്തില്‍ നാടിന്റെ പ്രിയപ്പെട്ട യുവാവ് വിടപറഞ്ഞത് തൂണേരി ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തി. കെ.എം. അഭിജിത്ത്
എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ഞായറാഴ്ച രാത്രിയാണ് ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ കേന്ദ്രത്തിലെ പ്ലാന്റില്‍ സ്‌ഫോടനമുണ്ടായത്. അറ്റകുറ്റപണികള്‍ക്കിടെയായിരുന്നു പൊട്ടിത്തെറി. അപകടത്തില്‍ 12 ഇന്ത്യക്കാരാടക്കം 13 പേര്‍ക്കാണ് ജീവഹാനിയുണ്ടായത്.
കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഖത്തറിന്റെ പ്രധാന ഗ്യാസ് പ്രോസസ്സിംഗ് യൂണിറ്റുകള്‍ക്ക് കനത്ത തകരാര്‍ സംഭവിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പ്ലാന്റുകള്‍, യുദ്ധത്തിന് ശേഷമുള്ള സാഹചര്യത്തില്‍ വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
















