
ഡാലസ്: ഫിഫ ലോകകപ്പ് 2026 നോക്കൗട്ടിൽ ബ്രസീലിന് എതിരാളികൾ ജപ്പാൻ. ഗ്രൂപ്പ് എഫിലെ ആവേശകരമായ അവസാന പോരാട്ടത്തിൽ സ്വീഡനെ സമനിലയിൽ തളച്ച് രണ്ടാം
സ്ഥാനക്കാരായാണ് ജപ്പാൻ നോക്കൗട്ടിൽ കടന്നത്. മത്സരത്തിൽ ഇരുവരും ഓരോ ഗോൾ നേടി. ലോകകപ്പ് നോക്കൗട്ടിൽ കടക്കുന്ന ഏക ഏഷ്യൻ ടീമാണ് ജപ്പാൻ. മൂന്നാം സ്ഥാനക്കാരായി സ്വീഡനും നോക്കൗട്ടിൽ കടന്നു. സ്വീഡനെതിരായ മത്സരം സമനിലയിലാകുകയും അവസാന ഗ്രൂപ്പ് മത്സരത്തിൽ നെതർലൻഡ്‌സ് ടുണീഷ്യയെ തോൽപ്പിക്കുകയും ചെയ്തതോടെയാണ് ഗ്രൂപ്പിൽ ജപ്പാൻ രണ്ടാം സ്ഥാനക്കാരായത്.
ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചെങ്കിലും 56-ാം മിനിറ്റിൽ ഡയ്‌സൻ
മയെദയിലൂടെ ജപ്പാൻ മുന്നിലെത്തി. റിറ്റ്‌സു ഡൊവാൻ സ്വീഡന്റെ പ്രതിരോധം പിളർത്തി നൽകിയ പാസ് മയെദ വലയിലെത്തിക്കുകയായിരുന്നു. എന്നാൽ ജപ്പാന്റെ ഗോൾ ആഘോഷത്തിന് ആറു മിനിറ്റിന്റെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. 62-ാം മിനിറ്റിൽ വിക്ടർ ഗ്യോകെറസിന്റെ അസിസ്റ്റിൽ നിന്ന് ആന്റണി എലാംഗ സ്വീഡനായി സമനില ഗോൾ കണ്ടെത്തി. ബോക്സിന് പുറത്തുനിന്ന് എലാംഗ തൊടുത്ത തകർപ്പൻ ലോങ് റേഞ്ച് ഷോട്ട് ജപ്പാൻ കീപ്പറെ മറികടന്ന് വലയുടെ താഴത്തെ മൂലയിലേക്ക് തുളച്ചുകയറുകയായിരുന്നു.
















