
കോഴിക്കോട്L കേരളത്തില്‍ കുറഞ്ഞ കാലം കൊണ്ടുള്ള വലിയ ജനകീയ മുന്നേറ്റമായി ലഹരിക്കെതിരായ ഓപ്പറേഷന്‍ തൂഫാന്‍ മാറിയെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍.
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ കോഴിക്കോട് ഡിവിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ച് റോഡില്‍ സംഘടിപ്പിച്ച ഫണ്‍ റണ്ണിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കേരളത്തെ
സംബന്ധിച്ച് ഇത്തവണത്തെ ലഹരിവിരുദ്ധ ദിനാചരണത്തിന് വളരെയധികം പ്രസക്തിയുണ്ട്. പുതുതായി അധികാരത്തില്‍ വന്ന സര്‍ക്കാറിന്റെ ഏറ്റവും പ്രധാന പരിപാടികളിലൊന്നായി മുന്നോട്ട് വെച്ചത് ലഹരിക്കെതിരായ പോരാട്ടമാണ്. ഈ പോരാട്ടം ഒരു ദിവസത്തില്‍ ഒതുങ്ങാതെ നിരന്തരം നടത്തി ആരും ലഹരിയുടെ പേരില്‍ പ്രയാസപ്പെടാത്ത സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പ്രയത്‌നമാണ് നടക്കുന്നത്. ഉറവിടത്തില്‍നിന്ന് തുടങ്ങി
അവസാന കണ്ണി വരെ എത്തുന്ന അന്വേഷണത്തിലൂടെ ലഹരിയെ തുടച്ചുനീക്കാനുള്ള ശ്രമമാണ് ഓപറേഷന്‍ തൂഫാനിലൂടെ ആരംഭിച്ചിട്ടുള്ളതെന്നും വലിയ രീതിയിലുള്ള പിന്തുണയാണ് അതിന് ലഭിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ അഡ്വ. കെ ജയന്ത് എംഎല്‍എ അധ്യക്ഷനായി. അഡ്വ. കെ പ്രവീണ്‍ കുമാര്‍ എംഎല്‍എ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ഫണ്‍ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ജഴ്‌സിയുടെ പ്രകാശനം മേയര്‍ ഒ സദാശിവന്‍
നിര്‍വഹിച്ചു. സിറ്റി പോലീസ് കമീഷണര്‍ എ പി ഷൗക്കത്തലി, നോര്‍ത്ത് സോണ്‍ ജോയിന്റ് എക്‌സൈസ് കമീഷണര്‍ കെ ഗോപകുമാര്‍, ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ ജിമ്മി ജോസഫ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ജില്ലാ എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് എന്നിവര്‍ സംസാരിച്ചു.
കാലിക്കറ്റ് സര്‍വകലാശാല ജില്ലാ എന്‍.എസ്.എസ് സെല്ലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ഫണ്‍ റണ്ണില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍നിന്നുള്ള എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, എക്‌സൈസ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കാളികളായി.
















