
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയില്‍ ഷിഗെല്ല രോഗ വ്യാപനത്തിനെതിരെ
ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി.
ബോധവത്കരണം, ശുചീകരണം, ജലസ്രോതസ്സുകളുടെ ക്ലോറിനേഷന്‍ അടക്കമുള്ളവ ചെയ്തിട്ടുണ്ട്. കൊയിലാണ്ടി മേഖലയില്‍ ഇതിനകം അഞ്ചു പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. രണ്ടുപേര്‍ കോതമംഗലം ഭാഗത്തും രണ്ടുപേര്‍ പെരുവട്ടൂര്‍ മേഖലയിലുമാണ്. ബുധനാഴ്ച സില്‍ക്ക് ബസാറില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
രോഗബാധിതരില്‍ രണ്ടുപേര്‍ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ്. മറ്റു മൂന്ന് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗം ബാധിച്ചവര്‍ ആരോഗ്യനില വീണ്ടെടുത്തുവരുന്നതായി നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എ.പി സുധീഷ്
പറഞ്ഞു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്ന് ഇവര്‍ ഡിസ്ചാര്‍ജായി വീട്ടില്‍ വിശ്രമത്തിലാണ്. ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിലും ഒരാള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാള്‍ മെഡിക്കല്‍ കോളേജിലുമാണ് ചികിത്സയില്‍ കഴിയുന്നത്.
പനി, ഛര്‍ദി എന്നിവ ഉണ്ടായാല്‍ സ്വയം ചികിത്സിക്കാതെ ആശുപത്രിയില്‍ എത്തണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
















