കോഴിക്കോട്: സംസ്ഥാനത്ത് കോഴിക്കോട് ജില്ലയില്‍ ജൂണ്‍ 11ന് ഒരാള്‍ക്ക് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന്
ആരോഗ്യ മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. രോഗിയുടെ സമ്പര്‍ക്ക പട്ടികയില്‍ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ ഇന്ന് (ജൂണ്‍ 14) ലഭിച്ച 8 പേരുടെ പരിശോധനാഫലം ഉള്‍പ്പെടെ 11 പേരുടെയും ഫലങ്ങള്‍ നെഗറ്റീവ് ആണ്. നിപ രോഗബാധിതന്‍ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുന്നു. രോഗിക്ക് റിബാവറിന്‍ മരുന്ന് ആദ്യംമുതലേ നല്‍കിയിരുന്നു. മോണോക്ലോണല്‍ ആന്റിബോഡി ആദ്യ ഡോസ് ജൂണ്‍ 12ന് നല്‍കിയിരുന്നു. റെംഡിസിവര്‍ മരുന്ന് ആദ്യ ഡോസ് ഇന്ന് (ജൂണ്‍ 14) പുലര്‍ച്ചെ രോഗിക്ക് നല്‍കിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും ഐസിഎംആര്‍ന്റെയും നിലവിലെ മാനദണ്ഡപ്രകാരം കൃത്യമായ ചികിത്സയാണ് രോഗിക്ക് നല്‍കുന്നത്. ആരോഗ്യ മന്ത്രി കെ.മുരളീധരന്റെ നേതൃത്വത്തില്‍ രാവിലെ കോഴിക്കോട് കളക്ടറേറ്റില്‍ അവലോകനയോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, അഡീഷണല്‍ സെക്രട്ടറി ഡോ. രേണുരാജ്, ജില്ലാ കളക്ടര്‍ മാധവിക്കുട്ടി.എം.എസ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. മീനാക്ഷി.വി, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ. കെ.വി.വിശ്വനാഥന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി.രാജേഷ്, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സജീത് കുമാര്‍, സൂപ്രണ്ട് ഡോ. ശ്രീജയന്‍ മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി ഡോക്ടര്‍മാരുമായും നഴ്‌സിംഗ് ജീവനക്കാരുമായും ആശയവിനിമയം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇന്ന് (ജൂണ്‍ 14) സമ്പര്‍ക്കപ്പട്ടികയില്‍ 3 പേരെക്കൂടി ഉള്‍പ്പെടുത്തി. മൂന്നുപേരും കുറഞ്ഞ
റിസ്‌ക് വിഭാഗത്തിലുള്ളവരാണ്. ഇതോടെ നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ 103 പേരാണുള്ളത്. ഇതില്‍ 4 പേര്‍ വളരെ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍ പെട്ടവരും 14 പേര്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തില്‍പെട്ടവരും 85 പേര്‍ കുറഞ്ഞ വിഭാഗത്തില്‍പ്പെട്ടവരും ആണ്. സമ്പര്‍ക്ക പട്ടികയില്‍ 45 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗബാധ റിപ്പോര്‍ട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷന്‍ 5 ലെ 320 വീടുകളിലെ 1047 പേരെ രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്നറിയാന്‍ സര്‍വേ നടത്തി. ആര്‍ക്കും തന്നെ നിലവില്‍ നിപ രോഗ ലക്ഷണങ്ങള്‍ ഇല്ല. ജില്ലാ നിപ കണ്‍ട്രോള്‍ സെല്ലില്‍ നിന്നും സമ്പര്‍ക്കപ്പട്ടികയിലെ എല്ലാവരെയും ദിവസവും രണ്ടുനേരം ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. കൂടാതെ പ്രദേശത്തെ ആരോഗ്യപ്രവര്‍ത്തകരും ഇവരെ ബന്ധപ്പെടുന്നുണ്ട്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി ഇതുവരെ സമ്പര്‍ക്കത്തിലുള്ള 93 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്രസംഘം ഇന്ന് മേലേവാരം അര്‍ബന്‍ ഹെല്‍ത്ത് സെന്റര്‍, രാമനാട്ടുകര നഗരസഭ കാര്യാലയം എന്നിവിടങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരും തദ്ദേശസ്വയംഭരണ സ്ഥാപനം പ്രതിനിധികളുമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് രോഗിയുടെ വീടും പരിസരപ്രദേശങ്ങളിലും സന്ദര്‍ശിച്ച് പരിശോധന നടത്തി. രാമനാട്ടുകര നഗരസഭ പരിധിയിലെ വവ്വാലുകളുടെ വിവിധ ആവാസകേന്ദ്രം ഉള്‍പ്പെടെ രോഗി സന്ദര്‍ശിച്ച സ്ഥലങ്ങളില്‍ വിശദമായി നിരീക്ഷണവും നടത്തി.















