ആയഞ്ചേരി: കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന തുഫാന്‍ ലഹരി വ്യാപനം തടയല്‍ ക്യാമ്പയിന് ആയഞ്ചേരി റഹ്മാനിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഐക്യദാര്‍ഢ്യം
സ്‌കൂളില്‍ വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വിദ്യാര്‍ഥികളില്‍ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ലഹരിമുക്ത സമൂഹം രൂപപ്പെടുത്തുന്നതിനുള്ള സന്ദേശം പ്രചരിപ്പിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. പാറക്കല്‍ അബ്ദുല്ല എംഎല്‍എ ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും തുഫാന്‍ ടോള്‍ഫ്രീ ഹെല്‍പ്‌ലൈന്‍ നമ്പര്‍ അച്ചടിച്ച ടൈംടേബിള്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. ലഹരി സംബന്ധമായ പ്രശ്‌നങ്ങള്‍, സംശയങ്ങള്‍, പരാതികള്‍ എന്നിവ അറിയിക്കുന്നതിനും ആവശ്യമായ സഹായം തേടുന്നതിനും ഈ ഹെല്‍പ്‌ലൈന്‍ സേവനം പ്രയോജനപ്പെടുത്താമെന്ന് സംഘാടകര്‍ അറിയിച്ചു. ലഹരിവിരുദ്ധ ബോധവത്കരണം, വിദ്യാര്‍ഥി ഏകോപനം, സന്ദേശ പ്രചാരണം എന്നിവയില്‍ വിമുക്തി കേഡറ്റുമാര്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.















