
ടൊറന്റോ: കരുത്തരായ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ സമനിലയില്‍ തളച്ച് ആതിഥേയരായ കാനഡ. സ്വന്തം മണ്ണിലെ ആദ്യ ലോകകപ്പ് പോരാട്ടത്തില്‍ ചരിത്രത്തിലെ
ആദ്യ പോയിന്റാണ് കാനഡക്ക് ലഭിച്ചത്. അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ നടന്ന മറ്റൊരു മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ നേടി ആതിഥേയര്‍ തകര്‍പന്‍ വിജയം സ്വന്തമാക്കി.
ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു കാനഡയുടെ തിരിച്ചുവരവ്. 76-ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങി വെറും 121 സെക്കന്റുകള്‍ക്കുള്ളില്‍ കാനഡയുടെ സമനില ഗോള്‍ നേടിയ സെയില്‍ ലാറിന്‍ ആണ് കനേഡിയന്‍ പടയുടെ രക്ഷകനായത്.
ആദ്യ പകുതിയില്‍ ബോസ്‌നിയയാണ് കളിയില്‍ മുന്നിലെത്തിയത്. 17ാം മിനിറ്റില്‍
കാനഡയുടെ സൂപ്പര്‍ താരം ജോനാഥന്‍ ഡേവിഡ് ഒരു സുവര്‍ണാവസരം നഷ്ടപ്പെടുത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ബോസ്‌നിയയുടെ ഗോള്‍. ഇവാന്‍ ബാസിച്ചിന്റെ കോര്‍ണര്‍ കിക്ക് സെയാദ് കൊലാസിനാക് ഫ്‌ലിക്ക് ചെയ്തപ്പോള്‍ ഹെഡറിലൂടെ ജോവോ ലൂക്കിച്ച് പന്ത് വലയിലാക്കി. ലുക്കിച്ചിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയില്‍ കാനഡ നിരന്തരാക്രമണം അഴിച്ചുവിട്ടു. കാനഡ താരം റിച്ചി ലാര്യെയുടെ ഗോള്‍ എന്നുറപ്പിച്ച ഷോട്ട് ബോസ്‌നിയന്‍ പ്രതിരോധ താരം കൊലസിനാക് അതിസാഹസികമായി തട്ടിയകറ്റിയത് ക്രോസ് ബാറിലിടിച്ചാണ് തെറിച്ചുപോയത്. എന്നാല്‍ പകരക്കാരനായെത്തിയ ലാറിന്‍ ഗോള്‍ മടക്കിയതോടെ കാനഡ സമനില പിടിച്ചുവാങ്ങുകയായിരുന്നു.

ലോസ് ആഞ്ചലസ്: സ്വന്തം മണ്ണില്‍ 32 വര്‍ഷങ്ങള്‍ക്ക് ശേഷം വിരുന്നെത്തിയ ലോകകപ്പ് മാമാങ്കത്തിന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് തുടക്കമിട്ടത് തകര്‍പ്പന്‍ ജയത്തോടെ. പുതിയ പരിശീലകന്‍ മൗറീഷ്യോ പോച്ചെറ്റീന്യോയുടെ തന്ത്രങ്ങള്‍ക്ക് കീഴില്‍ ഇറങ്ങിയ യുഎസ് പട ഒന്നിനെതിരെ നാല് ഗോളുകള്‍ പരാഗ്വെയെ അടിച്ചുപരത്തി. തെക്കന്‍ കാലിഫോര്‍ണിയയിലെ 70,492 കാണികളെ സാക്ഷിനിര്‍ത്തി അമേരിക്കന്‍ ഫുട്‌ബോള്‍
ചരിത്രത്തിലെ ഏറ്റവും ആവേശകരമായ പ്രകടനങ്ങളിലൊന്നിനാണ് ലോസ് ആഞ്ചലസ് സാക്ഷ്യം വഹിച്ചത്.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച അമേരിക്ക ഒന്നാം പകുതിയില്‍ തന്നെ 3-0ന്റെ വമ്പന്‍ ലീഡ് സ്വന്തമാക്കി. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് യുഎസ് ടീം ആദ്യ പകുതിയില്‍ ഇത്രയും വലിയ ലീഡ് നേടുന്നത്. ക്രിസ്റ്റ്യന്‍ പുലിസിച്ചിന്റെ അസിസ്റ്റില്‍ പിറന്ന ഒരു സെല്‍ഫ് ഗോളിലൂടെയാണ് അമേരിക്ക അക്കൗണ്ട് തുറന്നത്. മൊണാക്കോയുടെ സൂപ്പര്‍ ഫോര്‍വേഡ് ഫോളാരിന്‍ ബാലോഗന്റെ ഇരട്ടഗോളുകള്‍ യു.എസിന് കളിയില്‍ സമ്പൂര്‍ണാധിപത്യം നല്‍കി. 31-ാം മിനിറ്റിലും ആദ്യ പകുതിയുടെ അധിക സമയത്തും ബാലോഗന്‍ വലകുലുക്കി. ഇതോടെ 1930-ന് ശേഷം ഒരു ലോകകപ്പ് മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടിയ ആദ്യ
അമേരിക്കന്‍ താരം എന്ന ചരിത്രനേട്ടവും ബാലോഗന്‍ സ്വന്തം പേരില്‍ കുറിച്ചു
16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് കളിക്കാനിറങ്ങിയ പരാഗ്വേയ്ക്ക് രണ്ടാം പകുതിയില്‍ ആശ്വാസമായി ഒരു ഗോള്‍ മടക്കാനായി. യുഎസ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് മൗറീഷ്യോയാണ് പരാഗ്വെയുടെ ഏക ഗോള്‍ നേടിയത്. എന്നാല്‍ ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ്, ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റുകളില്‍ പകരക്കാരനായി ഇറങ്ങിയ ജിയോ റെയ്‌ന തൊടുത്ത മനോഹരമായ വലംകാലന്‍ ഷോട്ടിലൂടെ നാലാം ഗോളും അമേരിക്ക വലയിലാക്കി. ഇതോടെ ലോകകപ്പില്‍ ആദ്യമായി നാല് ഗോളുകള്‍ നേടുന്ന യു.എസ് ടീം എന്ന റെക്കോര്‍ഡും ടീം സ്വന്തമാക്കി.
















