
കോഴിക്കോട്: വടകര ജില്ലാ ആശുപത്രിയെ ആശ്രയിക്കുന്നവര്‍ നേരിടുന്ന
വലിയൊരു ദുരിതത്തിന് ശാശ്വത പരിഹാരമാകുന്നു. വടകരയെ ജില്ലാ ആശുപത്രിയായി
പ്രഖ്യാപിച്ച് ഒന്നര പതിറ്റാണ്ടിലധികമായിട്ടും ഫോറന്‍സിക് സര്‍ജനെ നിയമിക്കാത്തതുമൂലം ജനങ്ങള്‍ അനുഭവിച്ചിരുന്ന വലിയ പ്രയാസങ്ങള്‍ക്കാണ് പരിഹാരമാകുന്നത്.
ഷാഫി പറമ്പില്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പരിഹാരം. വടകര ആശുപത്രിയില്‍ അടിയന്തരമായി ഫോറന്‍സിക് സര്‍ജന്റെ തസ്തിക അനുവദിച്ച് നിയമനം നടത്തുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരന് ഉറപ്പുനല്‍കി. കോഴിക്കോട് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന
‘കായകല്പം’ അവലോകന യോഗത്തില്‍ ഷാഫി പറമ്പില്‍ എംപി ഉന്നയിച്ച ആവശ്യത്തിനാണ് ഇപ്പോള്‍ ഫലമുണ്ടായിരിക്കുന്നത്.
ഫോറന്‍സിക് സര്‍ജന്റെ സേവനം ലഭ്യമല്ലാത്തത് മൂലം സങ്കീര്‍ണമായ കേസുകളില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി വടകരയില്‍ നിന്നു മൃതദേഹങ്ങളുമായി കിലോമീറ്ററുകള്‍ സഞ്ചരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ആശ്രയിക്കേണ്ട ദുരവസ്ഥയാണ്
നിലവിലുണ്ടായിരുന്നത്. വിദഗ്ധ ഡോക്ടറുടെ അഭാവം മൂലം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ മണിക്കൂറുകളോളം വൈകുന്നത് മരണാനന്തര ചടങ്ങുകള്‍ കൃത്യസമയത്ത് നടത്താന്‍ കഴിയാതെ വരാനും പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് വലിയ മാനസിക വിഷമം ഉണ്ടാകാനും ഇടയാക്കിയിരുന്നു. വടകരയിലെ ജനങ്ങളുടെ ഈ വലിയ സങ്കടത്തിന് അടിയന്തരമായി അറുതി വരുത്തണമെന്ന് ഷാഫി പറമ്പില്‍ എംപി യോഗത്തില്‍
ആവശ്യപ്പെടുകയായിരുന്നു. ജനങ്ങളുടെ ബുദ്ധിമുട്ട് പൂര്‍ണമായി ബോധ്യപ്പെട്ട ആരോഗ്യ മന്ത്രി വടകരയില്‍ ഉടന്‍ തന്നെ ഫോറന്‍സിക് സര്‍ജന്റെ സേവനം ലഭ്യമാക്കുമെന്ന് യോഗത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഇതോടൊപ്പം, കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെ അമിതമായ തിരക്ക് ഒഴിവാക്കാനും ഇന്‍ക്വസ്റ്റ് കഴിഞ്ഞാലുടന്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാനുമായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ‘വെര്ടോപ്സി’ സംവിധാനം ഏര്‍പ്പെടുത്തണമെന്ന നിര്‍ണ്ണായക നിര്‍ദ്ദേശവും ഷാഫി പറമ്പില്‍ എം.പി.
മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. മൃതദേഹം ആധുനിക സ്കാനിംഗ് വഴി പോസ്റ്റ്മോര്‍ട്ടം നടത്തുന്ന ഈ സംവിധാനം ഏര്‍പ്പെടുത്തണമെന്ന എംപിയുടെ ആവശ്യവും മന്ത്രി പൂര്‍ണ്ണമായി അംഗീകരിച്ചു. കേരളത്തില്‍ തന്നെ ആദ്യമായി, ഏകദേശം 30 കോടിയോളം രൂപ ചിലവഴിച്ചുകൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഈ ‘ഡിജിറ്റല്‍ ഓട്ടോപ്സി’ സംവിധാനം നടപ്പിലാക്കുമെന്ന് മന്ത്രി യോഗത്തില്‍ പ്രഖ്യാപിച്ചു.
















