
വടകര: ദേശീയപാതയില്‍ പഴങ്കാവ്-ചോളംവയല്‍ ജംഗ്ഷനു സമീപം അടിപ്പാതക്ക് അനുമതിയായതായി ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസില്‍ നിന്നറിയിച്ചു. ഈ ആവശ്യം
ഉന്നയിച്ച് മാസങ്ങളായി ഇവിടെ സമരം നടന്നുവരികയായിരുന്നു. അടിപ്പാതയോ ഓവര്പാസോ ഇല്ലെങ്കില്‍ പഴങ്കാവ് ഭാഗത്തെ ആയിരങ്ങള്‍ വടകര ടൗണിന്റെ പ്രധാനഭാഗത്ത് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഒന്നടങ്കം സമര രംഗത്താണ്. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ അടിപ്പാതക്ക് അനുമതി നല്‍കിയിരിക്കുന്നത്. ജംഗ്ഷനു സമീപത്തായിരിക്കും അടിപ്പാത പണിയുക.
ഇതിനു പുറമെ അഴിയൂര്‍-വെങ്ങളം ദേശീയ പാതയില്‍ നാല് അണ്ടര്‍ പാസ്സുകള്ക്ക്കൂടി അനുമതിയായതായി ഷാഫി പറമ്പില്‍ എംപി അറിയിച്ചു. കൊയിലാണ്ടി താലൂക്കിലെ നന്തി, അയനിക്കാട്, വടകര താലൂക്കിലെ കേളു ബസാര്‍, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളിലാണ്
പുതിയ അണ്ടര്‍ പാസുകള്‍ക്കുള്ള അനുമതി ലഭിച്ചത്. അഴിയൂര്‍-വെങ്ങളം ദേശീയ പാതയില്‍ കൂടുതല്‍ അണ്ടര്‍ പാസ്സുകളും ഫുട് ഓവര്‍ ബ്രിഡ്ജുകളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എംപി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയെയും അതോറിറ്റി ചെയര്‍മാനെയും നേരില്‍കണ്ട് നിവേദനം നല്‍കിയിരുന്നു. കോഴിക്കോട് പ്രൊജക്റ്റ് ഡയറക്ട്ടറും മറ്റു ഉദ്യോഗസ്ഥരും എംപിയോടൊപ്പം നടത്തിയ സംയുക്ത പരിശോധനക്ക് ശേഷം സമര്‍പ്പിച്ച പ്രപ്പോസലുകളിലാണ് ഇപ്പോള്‍ അനുമതി ലഭിച്ചിട്ടുള്ളത്.
















