
വടകര: മടപ്പള്ളി ഗവണ്‍മെന്റ് കോളജ് മുന്‍കാല കെ.എസ്.യു പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘സിമാക്’ (സോഷ്യോ കള്‍ച്ചറല്‍ ഇനീഷ്യേറ്റീവ് ഓഫ് മടപ്പള്ളി അലൂംനി കോണ്‍ഗ്രസ്) ഏര്‍പ്പെടുത്തിയ മൂന്നാമത് ‘ഉമ്മന്‍ചാണ്ടി സദ്ഭാവന പുരസ്‌കാരം’ ഗാന്ധിയന്‍ പ്രസ്ഥാനങ്ങളുടെ അമരക്കാരനും മുന്‍ രാജ്യസഭാ എംപിയും മദ്യവര്‍ജന സമിതിയുടെ മുന്നണി പോരാളിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി. ഹരിദാസിന് സമര്‍പ്പിക്കും. 28ന് വൈകുന്നേരം നാലിന് വടകര സാംസ്‌കാരിക ചത്വരത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പതിനായിരം രൂപയും പ്രശസ്തപത്രവുമാണ് പുരസ്‌കാരം.
മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ പ്രൊഫ. എം.എന്‍. കാരശ്ശേരി ‘അധികാരത്തിന്റെ അവസ്ഥാന്തരങ്ങള്‍’ എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.
സര്‍വോദയ പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ സി.ഹരിദാസ്, ഗാന്ധിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഇന്നും സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ്. 1980 മുതല്‍ 1986 വരെ രാജ്യ സഭാംഗമായിരുന്ന അദ്ദേഹം, 1980 -ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്ന് വിജയിച്ചു. എന്നാല്‍ അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍
പത്ത് ദിവസത്തിന് ശേഷം എംഎല്‍എ സ്ഥാനം അദ്ദേഹം രാജിവെച്ചു. സര്‍വോദയ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായ സി.ഹരിദാസ് നിലവില്‍ സര്‍വോദയ മണ്ഡലത്തിന്റെ സംസ്ഥാന അധ്യക്ഷനായും ഗാന്ധി സ്മാരക നിധി ട്രസ്റ്റി അംഗമായും പ്രവര്‍ത്തിക്കുന്നു. മലപ്പുറം ഡിസിസി പ്രസിഡന്റ്‌റ് ഉള്‍പ്പെടെയുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്.
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ അപൂര്‍വമായ ത്യാഗമനഃസ്ഥിതിയും നിസ്തുലമായ പൊതുപ്രവര്‍ത്തനവും പരിഗണിച്ചാണ് ഈ ബഹുമതി നല്‍കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍പേഴ്സണ്‍ കെ.സജീവന്‍, പി.ടി.ഇബ്രാഹിം, സിമാക് ഭാരവാഹികളായ ഡോ. കെ.പി.അമ്മുകുട്ടി, പി.വി.ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















